കര്‍ശന സുരക്ഷയോടെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഇന്ന് നടക്കും

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതലോടെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഇന്ന് നടക്കും. കൊവിഡ് പോസിറ്റീവായ രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ പരീക്ഷ എഴുതും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നെങ്കിലും നടത്തിപ്പുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് കര്‍ശന സുരക്ഷാക്രമീകരണങ്ങളോടെ പരീക്ഷ നടത്താന്‍ തീരുമാനമെടുക്കുകയായിരുന്നു. 343 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തി മൂവായിരം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുക. അതിതീവ്രമേഖലയിലും നിയന്ത്രിതമേഖലകളിലുമടക്കം കേന്ദ്രങ്ങള്‍ സജ്ജീകരിച്ചാണ് പരീക്ഷ.

സംസ്ഥാനത്തിന് പുറമേ ഗള്‍ഫിലും മുംബൈയിലും ഫരീദാബാദിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. ആലപ്പുഴ ജില്ലയിലെ കൊവിഡ് പൊസിറ്റീവായ രണ്ട് വിദ്യാര്‍ത്ഥികള്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ പ്രത്യേക അനുമതിയോടെയാണ് പരീക്ഷ എഴുതുന്നത്. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലായിരിക്കും ഇവര്‍ക്ക് പരീക്ഷ.

തിരുവനന്തപുരം പൂന്തുറയിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ അവസരമുണ്ട്.രോഗവ്യാപനം കൂടിയ മേഖലകളിലുളളവരേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരേയും രോഗലക്ഷണങ്ങള്‍ ഉളളവരേയും പ്രത്യേകമായി പരീക്ഷ എഴുതിക്കും.

Top