കിഫ്ബി സര്‍ക്കാരിന്റെ പട്ട് കോണകം; വി.ഡി.സതീശന്‍ എം.എല്‍.എ

തിരുവനന്തപുരം: കിഫ്ബി സര്‍ക്കാരിന്റെ പട്ട് കോണകമാണെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ. സംസ്ഥാനത്തെ ധനപ്രതിസന്ധിയില്‍ സര്‍ക്കാരിനേയും ധനമന്ത്രി തോമസ് ഐസക്കിനേയും നിയമസഭയില്‍ കടന്നാക്രമിച്ചു. കൊണ്ടായിരുന്നു വി.ഡി.സതീശന്‍ എംഎല്‍എയുടെ പരാമര്‍ശം.

വീട്ടിലെ ദാരിദ്ര്യം പുറത്ത് അറിയിക്കാതിരിക്കാന്‍ പണ്ട് വീട്ടുകാരണവന്‍മാര്‍ പുരപ്പുറത്ത് പട്ടുകോണകം ഉണക്കാനിടും. അതുപോലെ ഈ സര്‍ക്കാരിന്റെ പുറത്തിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബി. എം.എല്‍ എ പറഞ്ഞു.

നികുതി വകുപ്പില്‍ അരജാകത്വമാണ് നടന്നുകൊണ്ടിരിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് സര്‍ക്കാരിന്റെ ചെലവ്.ഇനി ജലീല്‍ വന്ന് മാര്‍ക്കിട്ടാല്‍ പോലും ഈ സര്‍ക്കാര്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

ധനകാര്യ മാനേജ്മെന്റിന്റെ അഭാവം, വിഭവസമാഹരണത്തിലെ പിടിപ്പുകേട്, അനാവശ്യമായ ധൂര്‍ത്തുംചെലവും കാരണം സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണ്. വളരെ ലാഘവത്തോട് കൂടിയാണ് ധനകാര്യമന്ത്രി ഈ സ്ഥിതിയെ കുറിച്ച് പറയുന്നത്. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട ഒരു ദു:സ്ഥിതിയിലേക്കാണ് സംസ്ഥാനം പോയിക്കൊണ്ടിരിക്കുന്നതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.2016ല്‍ മലയാളിയുടെ ആളോഹരി കടം 48078 രൂപയായിരുന്നു. മൂന്ന് വര്‍ഷംക്കൊണ്ട് 72430 രൂപയാക്കി വര്‍ധിപ്പിച്ച ധനകാര്യമന്ത്രിയാണ് തോമസ് ഐസക്കെന്നും സതീശന്‍ പറഞ്ഞു.

Top