സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ കിട്ടാക്കട ബാധ്യതയില്‍

സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ക്കു കിട്ടാക്കട ബാധ്യത വര്‍ധിക്കുന്നു.

വിവിധ സഹകരണ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നല്‍കിയ 700 കോടിയിലേറെ രൂപയാണു കിട്ടാക്കടമായി മാറിയിരിക്കുന്നത്.

കേരള ബാങ്ക് രൂപീകരണത്തിനു മുന്നോടിയായി മുടങ്ങിക്കിടക്കുന്ന വായ്പകള്‍ വേഗത്തില്‍ തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ ബാങ്കുകള്‍ക്കും സംസ്ഥാന സഹകരണ ബാങ്കിനും റജിസ്ട്രാര്‍ സര്‍ക്കുലര്‍ അയച്ചിരുന്നു.

ചെറിയ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍, ആനുകൂല്യങ്ങള്‍ എന്നിവ നല്‍കി തീര്‍പ്പാക്കാന്‍ ആരംഭിച്ചെങ്കിലും വന്‍കിട വായ്പകളുടെ കാര്യത്തില്‍ കൃത്യമായ തീരുമാനമാനമായിട്ടില്ല.

അതേസമയം പല സ്ഥാപനങ്ങളും ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. എന്നാല്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ജപ്തി ചെയ്താലും വായ്പാ കുടിശികയുടെ കാല്‍ഭാഗം പോലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

നബാര്‍ഡ് നിര്‍ദേശപ്രകാരം തിരിച്ചടവ് ശേഷി, സെക്യൂരിറ്റി എന്നിവ ഭദ്രമാണെങ്കില്‍ മാത്രമാണ് വായ്പ നല്‍കാന്‍ വ്യവസ്ഥയുള്ളു.

അതേസമയം സര്‍ക്കാര്‍ സമ്മര്‍ദം മൂലം പലപ്പോഴും ഇതെല്ലാം ലംഘിക്കപ്പെടുകയാണ്. റബ്‌കോയ്ക്കാണ് ഏറ്റവും ഉയര്‍ന്ന 313 കോടി രൂപ വായ്പ കുടിശികയുള്ളത്.

സംസ്ഥാന സഹകരണ ബാങ്ക് (135 കോടിരൂപ), എറണാകുളം ജില്ലാ ബാങ്ക് (110 കോടി രൂപ), കോട്ടയം ജില്ലാ ബാങ്ക് (40 കോടി രൂപ), പാലക്കാട് ജില്ലാ ബാങ്ക് (28 കോടി രൂപ) എന്നിങ്ങനെയാണു ബാങ്കിന്റെ കുടിശിക.

റബ്മാര്‍ക്ക് 90 കോടി രൂപ, മാര്‍ക്കറ്റ്‌ഫെഡ 70 കോടി രൂപ, അഗ്രികോ 35 കോടി രൂപ, റാംപ്‌സ്, മൈത്രി 63 കോടി രൂപ, കണ്‍സ്യൂമര്‍ ഫെഡ് 5 കോടി രൂപ എന്നിങ്ങനെയാണ് ബാങ്കുകളുടെ കുടിശിക.

വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അടച്ചുതീര്‍ത്താല്‍ മാത്രമാണ് ബാങ്കുകളുടെ നഷ്ടം ഒഴിവാക്കാന്‍ സാധിക്കൂ.

Top