State Department issues alert after Brussels terror attack

ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ ഭീകരരെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ടു. ഇരട്ട സ്‌ഫോടനം നടന്ന സാവെന്റം വിമാനത്താവളത്തിലെ സി.സിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ചിത്രങ്ങളാണ് ബെല്‍ജിയം പൊലീസ് പുറത്തുവിട്ടത്. ചാവേറാക്രമണം നടത്തിയ മൂന്നുപേര്‍ ട്രോളികള്‍ തള്ളിക്കൊണ്ടു പോകുന്നതാണ് ചിത്രത്തിലുള്ളത്.

ഇതില്‍ രണ്ടു പേര്‍ ചാവേറായി പൊട്ടിത്തെറിച്ചെന്നാണ് ബെല്‍ജിയം പൊലീസ് കരുതുന്നത്. മൂന്നാമനാണ് ചിത്രത്തില്‍ കാണുന്ന ഇളം നിറത്തിലുള്ള ജാക്കറ്റും തൊപ്പിയും ധരിച്ച ആള്‍. ഇയാള്‍ക്കായി പരിശോധന ഊര്‍ജിതമാക്കിയതായി ഫെഡറിക് പ്രോസിക്യൂട്ടര്‍ വാന്‍ ലീവ് അറിയിച്ചു.

രണ്ട് സ്‌ഫോടനങ്ങളാണ് സാവെന്റം വിമാനത്താവളത്തില്‍ നടന്നത്. എന്നാല്‍, ടെര്‍മിനലില്‍ നടത്തിയ വിശദമായ പരിശോധനയില്‍ പൊട്ടാത്ത ഒരു ബെല്‍റ്റ് ബോംബ് പൊലീസ് കണ്ടെടുത്തു.

ചൊവ്വാഴ്ച രാവിലെയാണ് ബ്രസല്‍സിലെ സാവെന്റം വിമാനത്താവള കെട്ടിടത്തില്‍ രണ്ടിടത്തും മില്‍ബീക് മെട്രോസ്റ്റേഷനിലും ചാവേറാക്രമണം നടന്നത്. സ്‌ഫോടന പരമ്പരയില്‍ 36 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജെറ്റ് എയര്‍വേസിലെ ഒരു വനിത ഉള്‍പ്പെടെ ഇന്ത്യക്കാരായ രണ്ടു ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അതിനിടെ കൂടുതല്‍ രാജ്യങ്ങളില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ ഐസിസ് രംഗത്ത് വന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് നേരത്തെ ഏറ്റെടുത്തിരുന്നു. ലോകാരാജ്യങ്ങള്‍ക്ക് കൂടുതല്‍ ദുരിതപൂര്‍ണവും കയ്‌പേറിയതുമായ ‘കറുത്ത ദിനങ്ങള്‍’ വരാനിരിക്കുന്നു എന്നാണ് അറബിയിലും ഫ്രഞ്ച് ഭാഷയിലുമുള്ള സന്ദേശത്തില്‍ പറയുന്നത്. ബ്രസല്‍സിലുണ്ടായ ആക്രമണത്തിന്റെ വിജയം സിറിയയില്‍ കുട്ടികള്‍ക്ക് മധുരം നല്‍കി ആഘോഷിക്കുന്ന ദൃശ്യങ്ങളും ഐസിസ് പുറത്തു വിട്ടു.

Top