സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നാളെ അവതരിപ്പിക്കും. അടിസ്ഥാന വികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും ഈ സര്‍ക്കാരിന്റെ രണ്ടാം ബജറ്റും. പുതിയ നികുതി നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയിലെ വികസനത്തിന് ഊന്നല്‍ നല്‍കിയായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. രണ്ടാം ബജറ്റില്‍ കോവിഡാനന്തര കേരളത്തിന്റെ വികസന കാഴ്ചപ്പാട് പ്രതിഫലിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നമുള്ള സൂചന പുറത്തുവരുന്നുണ്ട്.

ഭൂനികുതി, മദ്യ നികുതി എന്നിവയില്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കാം. ഭൂമിയുടെ ന്യായവില കൂട്ടണമെന്ന നിര്‍ദേശം സാമ്പത്തിക വിദഗ്ധര്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. നികുതി ചോര്‍ച്ച തടയാനും നികുതി പരമാവധി ലഭ്യമാക്കാനുമുള്ള പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കും.

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം, വ്യവസായം മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. അടിസ്ഥാന സൗകര്യ മേഖലയിലും പുതിയ പദ്ധതികള്‍ പ്രതീക്ഷിക്കാം.

 

Top