സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷിക്കുന്നത് പ്രളയക്കെടുതി നേരിടാനുള്ള സമഗ്ര പാക്കേജ്

THOMAS ISSAC

തിരുവനന്തപുരം: കേരളക്കരയെ തകര്‍ത്തെറിഞ്ഞ മഹാ പ്രളയത്തിനു ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കും. പ്രളയക്കെടുതി നേരിടാന്‍ സമഗ്ര പാക്കേജ് പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇന്നവതരിപ്പിക്കുക.

പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് കണ്ടെത്താനായി പ്രളയ സെസ് ബജറ്റില്‍ പ്രഖ്യാപിക്കും. ഉയര്‍ന്ന നികുതിയുള്ള ഉല്‍പ്പന്നങ്ങളിലാകും സെസ് ചുമത്തുക. ജിഎസ്ടി നിലവില്‍ വന്നതോടെ നികുതിയില്‍ വലിയ മാറ്റം വരുത്താന്‍ കഴിയില്ലെങ്കിലും അധിക വരുമാനം കണ്ടെത്താനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടായേക്കും. പഴയ വാറ്റ് കുടിശ്ശികകള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുമുണ്ടാകും.

നവകേരളത്തിനായുള്ള പാക്കേജ് ഏത് തരത്തിലാകും ധനമന്ത്രി അവതരിപ്പിക്കുകയെന്നാതാണ് കേരളം ആകാംക്ഷയോടെ നോക്കുന്നത്. 1% പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം കിട്ടിയതിനാല്‍ ബജറ്റിലെ ഏറ്റവും ശ്രദ്ധയാര്‍ന്ന പ്രഖ്യാപനം ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കു മേല്‍ സെസ് ചുമത്തുമെന്നതായിരിക്കും.

ഒന്നരക്കോടി വരെ വാര്‍ഷിക വിറ്റുവരവുള്ള അനുമാന നികുതി നല്‍കുന്ന വ്യാപാരികളെ ജിഎസ്ടിക്കു മേലുള്ള പ്രളയസെസില്‍ നിന്ന് ഒഴിവാക്കുമെന്നു മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ലോട്ടറി വരുമാനവും ജനങ്ങളില്‍ നിന്നുള്ള കുറഞ്ഞ പ്രീമിയം തുകയും ഉപയോഗിച്ചു സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.സാധാരണയായി സെസ് ചുമത്തുന്നതു നികുതിക്കു മേലാണെങ്കില്‍ പ്രളയ സെസ് അടിസ്ഥാന വിലയ്ക്കുമേല്‍ ആകുമെന്ന് ജിഎസ്ടി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ബജറ്റില്‍ കിഫ്ബിയുമായി സഹകരിച്ചുകൊണ്ടുള്ള ആശയങ്ങളും ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയില്‍ നിന്നുള്ള സംഭാവനകളും സഹായങ്ങളും സ്വീകരിച്ചുകൊണ്ടുള്ള നവകേരള നിര്‍മ്മാണ പദ്ധതികളും ഉണ്ടായേക്കാം.

ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പുള്ള ബജറ്റെന്ന നിലയില്‍ കേരളത്തില്‍ ഇന്ധനവില കുറക്കാനുള്ള ശ്രമങ്ങളും തോമസ് ഐസക്കിന്റെ ഭാഗത്തു നിന്ന് ഉണ്ടായേക്കാം. കഴിഞ്ഞ തവണ വര്‍ദ്ധിപ്പിക്കാതിരുന്ന ക്ഷേമ പെന്‍ഷന്‍ ഇത്തവണ വര്‍ദ്ധിപ്പിച്ചേക്കും. നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശങ്ങളുണ്ടാകും. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും.

Top