സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ്

കൊച്ചി: കേരള ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലടക്കം ഉണ്ടായ പാളിച്ചകളില്‍ സംസ്ഥാനനേതൃത്വത്തിന് കാര്യമായ വീഴ്ച പറ്റിയെന്നും, അനാവശ്യവിവാദങ്ങളില്‍ച്ചെന്ന് വീണെന്നുമാണ് ആര്‍എസ്എസ് ആരോപിച്ചത്. കൊച്ചിയില്‍ നടക്കുന്ന ആര്‍എസ്എസ് ബിജെപി നേതൃയോഗത്തിലാണ് ആര്‍എസ്എസ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴല്‍പ്പണ വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂക്ഷമായതോടെ ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി ചേര്‍ന്ന് സംഘടനാ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിആര്‍എസ്എസ് നേതൃയോഗം കൊച്ചിയില്‍ ചേര്‍ന്നത്.

പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തിനെതിരെയും യോഗത്തില്‍ കടുത്ത വിമര്‍ശനമാണുയര്‍ന്നത്. ഓരോ നേതാക്കളുടെയും പ്രവര്‍ത്തനം വിലയിരുത്തി വിശദമായ സംഘടനാ ഓഡിറ്റിംഗ് വേണമെന്ന സംഘപരിവാര്‍ സംഘടനകളുടെ ആവശ്യവും യോഗം വിശദമായി ചര്‍ച്ച ചെയ്തു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ ഏകോപനം മൊത്തത്തില്‍ പാളിയെന്ന വിലയിരുത്തലാണ് യോഗത്തിലുയര്‍ന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനാവശ്യവിവാദമുണ്ടാക്കി ഇതെല്ലാം തോല്‍വിയായി പ്രതിഫലിച്ചെന്നും യോഗത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നു.

കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രന്‍, സംഘടന സെക്രട്ടറി എം ഗണേഷ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

Top