‘സംസ്ഥാന ബിജെപിയ്ക്ക് ഒറ്റയ്ക്ക് നീങ്ങാനാകില്ലെന്ന്’; ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന ബിജെപിയ്ക്ക് ഒറ്റയ്ക്ക് നീങ്ങാനാകില്ലെന്ന് ആവര്‍ത്തിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ദേശീയ നേതൃത്വത്തിനൊപ്പമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ദേശീയ സംസ്ഥാന ഘടകങ്ങള്‍ ഒന്നിച്ചേ ഭാവി തീരുമാനമെടുക്കാന്‍ കഴിയൂ. എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ വേദിയുണ്ടാവുക എന്നതാണ് പ്രധാനം. കൂടുതല്‍ ആളുകള്‍ ചുമതലയിലേക്ക് വരുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.മിത്ത് പരാമര്‍ശത്തില്‍ ഷംസീറിന് പറ്റിയ അബദ്ധമല്ലെന്നും സിപിഐഎം ആലോചിച്ചെടുത്ത തീരുമാനമാണെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സ്ത്രീകളെ കൊണ്ടുവന്ന സംഭവത്തിന്റെ സൂത്രധാരന്‍ ഷംസീര്‍ ആയിരുന്നെന്നും അവര്‍ പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിചാരിക്കുന്നത് കേരളത്തിലെ മുസ്ലിം വിശ്വാസികളും ഹിന്ദു വിശ്വാസികളും തമ്മില്‍ ചേരിപോര് ഉണ്ടാക്കാന്‍ സാധിക്കുമോ എന്നാണ്. ഗണപതിയെക്കുറിച്ച് പറഞ്ഞ് ഇസ്ലാം ഭീകരവാദികളെ പാര്‍ട്ടിക്ക് ഒപ്പം കൊണ്ടുവരാന്‍ സാധിക്കുമോ എന്നാണ് ഷംസീര്‍ നോക്കുന്നത്. ഇത് അബദ്ധമല്ല. അതുകൊണ്ടാണ് മാപ്പ് ചോദിക്കാത്തത്. സിപിഐഎമ്മിന് ആര്‍ജവമുണ്ടെങ്കില്‍ അമ്പലക്കമ്മിറ്റിയിലെ സഖാക്കളെ പിന്‍വലിക്കണം.

അയ്യപ്പന്റെ ആചാരത്തെയും അനുഷ്ഠാനത്തെയും തകര്‍ക്കാന്‍ സിപിഐഎം ഗൂഢാലോചന നടത്തിയപ്പോള്‍ അന്നത്തെയും ഇന്നത്തെയും മുഖ്യമന്ത്രി വരച്ച വരയിലൂടെ പോകാന്‍ മനസ്സില്ലെന്നു പറഞ്ഞുകൊണ്ട് കേസുകള്‍ ഏറ്റെടുത്തു. അതൊന്നും മറന്നിട്ടില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Top