Starting March, pressing digit 9 on mobile phones to send distress

ന്യൂഡല്‍ഹി: അടിയന്തരഘട്ടങ്ങളില്‍ സഹായം ആവശ്യമെങ്കില്‍ ഇനി മുതല്‍ മൊബൈല്‍ ഫോണിലെ ഒന്‍പത് എന്ന അക്കത്തില്‍ ദീര്‍ഘമായി അമര്‍ത്തിയാല്‍ മതി. ഇതിലൂടെ പൊലീസിനും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജാഗ്രതാ സന്ദേശം ലഭിക്കും.

അപകടത്തിലായിരിക്കുന്ന വ്യക്തി എവിടെയാണ് എന്നതുള്‍പ്പെടെയുള്ള വിവരങ്ങളാണ് സന്ദേശമായി ലഭിക്കുന്നത്. മാര്‍ച്ച് മുതല്‍ പുതിയ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

മൊബൈല്‍ ഫോണുകളില്‍ പാനിക് അലര്‍ട്ട് സംവിധാനം നിര്‍ബന്ധമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. ഭാവിയില്‍ പുറത്തിറങ്ങുന്ന ഫോണുകളിലെ വോളിയം ബട്ടണായിരിക്കും പാനിക് അലര്‍ട്ട് ബട്ടണായി പ്രവര്‍ത്തിക്കുന്നത്.

കേന്ദ്രസര്‍ക്കാരും മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളും സേവനദാതാക്കളും ചേര്‍ന്നാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മേനക ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ആപ്ലിക്കേഷന്‍ രൂപീകരിക്കാനായിരുന്ന ആദ്യ തീരുമാനം. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്കും പദ്ധതി പ്രയോജനപ്പെടണം എന്നതിനാലാണ് നിലവിലുള്ള ഫോണിലെ ബട്ടണില്‍ തന്നെ അലര്‍ട്ട് സംവിധാനം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പൊലീസിന്റേത് ഉള്‍പ്പെടെ പത്ത് നമ്പറുകളിലേക്കാണ് ജാഗ്രതാ സന്ദേശം ലഭിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതിയ സോഫ്റ്റ്‌വെയര്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ സാധാരണ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് കമ്പനികളുടെ ഔട്ട്‌ലെറ്റുകളില്‍ നിന്നും സൗജന്യമായി പുതിയ സംവിധാനം സ്ഥാപിച്ച് കിട്ടുന്നതാണ്.

Top