ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 38 പോയന്റ് നേട്ടത്തില്‍ 52,691ലും നിഫ്റ്റി 10 പോയന്റ് ഉയര്‍ന്ന് 15789ലുമാണ് വ്യാപാരം ആരംഭിച്ചത്.

ആഗോളതലത്തില്‍ വില്പന സമ്മര്‍ദത്തിന് താല്‍ക്കാലിക വിരമാമായെങ്കിലും ചൈനീസ് വിപണിയില്‍ തകര്‍ച്ചതുടരുന്നത് മറ്റ് ഏഷ്യന്‍ വിപണികളെയും ബാധിച്ചു. ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടിസിഎസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ടൈറ്റാന്‍, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബന്ധന്‍ ബാങ്ക്, ബ്രിട്ടാനിയ, സണ്‍ ഫാര്‍മ, യുപിഎല്‍, ഇന്ത്യന്‍ ഓയില്‍, മാരികോ, ബ്ലൂ ഡാര്‍ട്ട് തുടങ്ങി 100ലേറെ കമ്പനികളുടെ പ്രവര്‍ത്തനഫലമാണ് വെള്ളിയാഴ്ച പുറത്തുവിടുന്നത്.

 

Top