പ്രതിഫലം കുറയ്ക്കണം; അമ്മയ്ക്കും ഫെഫ്കയ്ക്കും കത്ത് നല്‍കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കോവിഡും ലോക്ക്ഡൗണും കാരണം സിനിമ മേഖല സ്തംഭിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ മലയാള സിനിമയില്‍ ചെലവ് ചുരുക്കല്‍ അനിവാര്യമാണെന്നും അതിനാല്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ആവശ്യപ്പെട്ട് ഫെഫ്കയ്ക്കും ‘അമ്മ’യ്ക്കും കത്ത് നല്‍കിയിരിക്കുകയാണ് സംഘടന.

കത്തില്‍ സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അതേസമയം 28നുള്ള ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം മാറ്റിവെച്ചു. എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്ന ശേഷം മാത്രം പുതുക്കിയ തീയതി നിശ്ചയിക്കൂ. അതിനാല്‍ നിര്‍മാതാക്കളുടെ ആവശ്യത്തില്‍ ഫെഫ്ക തീരുമാനവും വൈകും.

കഴിഞ്ഞ ദിവസമാണ് താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലത്തിന്റെ 50 ശതമാനമെങ്കിലും ചെലവ് കുറയ്ക്കണമെന്നും മറ്റ് സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അഭിപ്രായ സമന്വയമുണ്ടായില്ലെങ്കില്‍ പുതിയ സിനിമ ചെയ്യില്ലെന്നും പ്രൊഡ്യൂസോഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്. അതേസമയം, മമ്മൂട്ടിയും മോഹന്‍ലാലും അടക്കം പൂര്‍ണമായും സംഘടനയുമായും സഹകരിക്കുമെന്നും ഇരുവരും പ്രതിസന്ധിയെ കുറിച്ച് എപ്പോഴും അന്വേഷിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.

Top