“വല്ല്യ താരങ്ങള്‍ ഇല്ലാതെ ഒരു പടമിറങ്ങി അത് ഒരു ഷോ കളിച്ചാല്‍ തന്നെ ആ സംവിധായകന്റെ വിജയമാണ്”- ഒമര്‍ ലുലു

സ്റ്റാര്‍ വാല്യൂ ഇല്ലാത്ത ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തില്ല എന്ന വിമര്‍ശനം എത്രത്തോളം ശരിയാണെന്ന് വാദിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. 2016 ല്‍ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഹാപ്പി വെഡ്ഡിംഗ് റിലീസ് ചെയ്യുന്ന അവസരത്തില്‍ ആകെ 28 തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്യാന്‍ സാധിച്ചത്. എന്നാല്‍ അഡാറ് ലവ് ഇതൊക്കെയും തിരുത്തിക്കുറിച്ചെന്നാണ് ഒമര്‍ ലുലു പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചെന്നൈയില്‍, ഹാപ്പി വെഡിങ്ങ് ക്യുബില്‍ ലോഡ് ചെയ്ത് തിരിച്ച് ഹോട്ടലില്‍ എത്തിയപ്പോഴാണ് തിയെറ്റര്‍ ലിസ്റ്റ് കിട്ടുന്നത്. അമ്പതോളം സെന്ററുകള്‍ പ്രതീക്ഷിച്ചെങ്കിലും കമ്മട്ടിപ്പാടം, ആടുപുലിയാട്ടം, അല്ലു അര്‍ജുന്റെ യോദ്ധാവ് എന്നീ വലിയ ചിത്രങ്ങളുടെ റിലീസ് ഉണ്ടായിരുന്നതുകൊണ്ട് ഹാപ്പിവെഡിങ്ങിന് ആകെ കിട്ടിയത് 28 തിയെറ്ററുകള്‍, അതും ഒന്നോ രണ്ടോ ഷോകള്‍ മാത്രം, സ്വന്തം നാട്ടില്‍ പോലും ഒറ്റ തിയെറ്റര്‍ കിട്ടാത്ത അവസ്ഥ. ഇതില്‍ നിരാശനായിരിക്കുമ്പോഴാണ് ഹാപ്പി വെഡിങ്ങിന്റെ ക്യാമറാമാന്‍ സിനു ചേട്ടന്‍ ഒരു കാര്യം പറയുന്നത്:

”ഞാന്‍ ഹാപ്പി വെഡ്ഡിങ്ങിനു മുന്നേ പത്ത് പതിനെട്ട് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് അതില്‍ പലതും റിലീസ് പോലും ചെയ്തിട്ടില്ല, ഈ സിനിമ ഞാന്‍ ചെയ്യാന്‍ വരുമ്പോള്‍ ഇത് റീലീസ് ആവും എന്ന് തന്നെ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല, star value ഇല്ലാത്ത ഒരു സിനിമ ഷൂട്ടിങ്ങ് അവസാനിപ്പിച്ച് തിയെറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റുന്നത് തന്നെ ഭാഗ്യമാണ്, അത് ആ സംവിധായകന്റെ വിജയമാണ്. ഈ വാക്കുകള്‍ എല്ലാ കാലത്തും പ്രസക്തമാണെന്നാണ് എന്റെ പക്ഷം, കാരണം മലയാളത്തില്‍ ഒരു വര്‍ഷം ഇരുന്നൂറില്‍ അധികം ചിത്രങ്ങളുടെ ഷൂട്ട് നടക്കുന്നുണ്ട്, അതില്‍ നൂറ്റമ്പതോളം ചിത്രങ്ങള്‍ മാത്രമാണ് റിലീസ് ആവുന്നത്, അതില്‍ തന്നെ പത്തോ പന്ത്രണ്ടോ ചിത്രങ്ങളാണ് വിജയിക്കുന്നത്.

ഞാന്‍ എന്റെ മൂന്നുചിത്രങ്ങളും satellite വാല്യൂ ഇല്ലാത്ത താരങ്ങളെ വെച്ചാണ് ചെയ്തത്, ഇത് മൂന്നും നിര്‍മ്മാതാക്കള്‍ക്ക് യാതൊരുവിധ നഷ്ടവും ഉണ്ടാക്കിയിട്ടില്ല. അതില്‍ അങ്ങേയറ്റം സന്തോഷമേ ഉള്ളു, കാരണം വലിയ താരങ്ങളിലെങ്കിലും പുതിയ ആളുകളെ വെച്ച് എന്റെ ചിത്രം നിര്‍മ്മിക്കാന്‍ നിര്‍മാതാക്കള്‍ മുന്നോട്ട് വരുന്നുണ്ട്, അതിലൂടെ പല പുതുമുഖങ്ങള്‍ക്കും, അവസരം ലഭിക്കാത്ത അഭിനേതാക്കള്‍ക്കും അവസരം കൊടുക്കാന്‍ എനിക്ക് പറ്റുന്നുണ്ട്. എനിക്കത് മതി, കുറെ വിമര്‍ശനങ്ങള്‍ക്കും, കുറ്റപ്പെടുത്തലുകള്‍ക്കും ഇടയില്‍ അത് വലിയൊരു ആത്മസംതൃപ്തി തരുന്നുണ്ട്.

ചആ : വല്ല്യ താരങ്ങള്‍ ഇല്ലാതെ ഒരു പടമിറങ്ങി അത് ഒരു ഷോ കളിച്ചാല്‍ തന്നെ ആ സംവിധായകന്റെ വിജയമാണ്. പുതുമുഖങ്ങളേ വെച്ച് ഇറങ്ങിയ അഡാറ് ലവിന് 2000 തിയെറ്റര്‍ കിട്ടിയതും നാല് ഭാഷകളില്‍ ഒരേ സമയം ഇറക്കാന്‍ പറ്റിയതും റിലീസായി മാസങ്ങള്‍ കഴിഞ്ഞിട്ടും ട്രോളുകളില്‍ നിറഞ്ഞ് ഇപ്പോഴും ചര്‍ച്ചയാവുന്നുണ്ടെങ്കില്‍ അതും ഒരു വിജയമാണ്…കഷ്ടപ്പെട്ടവനെ കഷ്ടപ്പാടിന്റെ വേദനയും ബുദ്ധിമുട്ടും അറിയുള്ളു പുണ്ണ്യാളാ………….

Top