Standing commities are LDF in Panchayat of KPA Majeed

മലപ്പുറം: ലീഗിന്റെ കോട്ടയായ മലപ്പുറം ജില്ലയിലെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ നാടായ കുറുവ പഞ്ചായത്തില്‍ ലീഗിലെ തമ്മിലടിയില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഇടതുപക്ഷത്തിന്.

ലീഗിലെ രണ്ടു ഗ്രൂപ്പുകളുള്ള പഞ്ചായത്തില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ നേതൃത്വത്തിലുള്ള വിഭാഗം കറുത്ത ഗ്രൂപ്പായും മുന്‍ കുറുവ പഞ്ചായത്ത് പ്രസിഡന്റും മുന്‍ മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റുമായ പി.കെ രായിന്‍ഹാജിയുടെ നേതൃത്വത്തിലുള്ള വിഭാഗം വെളുത്ത ഗ്രൂപ്പായുമാണ് അറിയുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരു ഗ്രൂപ്പുകളും സീറ്റുകള്‍ പങ്കിട്ടാണ് മത്സരിച്ചത്.

22 വാര്‍ഡില്‍ ലീഗിന് 12ഉം എല്‍.ഡി.എഫിന് 10 സീറ്റുമാണ് ലഭിച്ചത്. കോണ്‍ഗ്രസ് മത്സരിച്ച മൂന്നു സീറ്റുകളിലും പരാജയപ്പെടുകയും ചെയ്തു. ലീഗിലെ കറുത്ത ഗ്രൂപ്പ് 9 സീറ്റും വെളുത്ത ഗ്രൂപ്പ് 3 സീറ്റും നേടി. പഞ്ചായത്ത് പ്രസിഡന്റായി സമവായത്തിലൂടെയാണ് മുല്ലപ്പള്ളി യൂസഫിനെ തിരഞ്ഞെടുത്തത്.

വെളുത്ത ലീഗിന് വൈസ് പ്രസിഡന്റ് സ്ഥാനവും ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും നല്‍കി. ബാക്കിയുള്ള മൂന്നു സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും കറുത്ത ലീഗ് ആവശ്യപ്പെട്ടെങ്കിലും വെളുത്തലീഗ് അംഗീകരിച്ചില്ല. തര്‍ക്കം മൂത്തതോടെ തിരഞ്ഞെടുപ്പില്‍ നിന്നും ഇരു ഗ്രൂപ്പും വിട്ടുനിന്നു. ഇതോടെ മൂന്നു സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും എല്‍.ഡി.എഫിന് ലഭിച്ചു.

Top