മഴക്കെടുതി നേരിടാന്‍ കേരളത്തിനായി കൈനീട്ടി ക്രിക്കറ്റ് ദൈവവും! സംഭാവന നല്‍കണമെന്ന് സച്ചിന്‍

sachin tendulkar

മുംബൈ: മഴക്കെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന് സാക്ഷാല്‍ ക്രിക്കറ്റ് ദൈവത്തിന്റെ കൈത്താങ്ങ്. കേരളത്തിന് പിന്തുണയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരിക്കുകയാണ്.

കേരളത്തിലെ മഴക്കെടുതിയില്‍ ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായം അത്യാവശ്യമാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ചെറിയ സംഭാവന പോലും വലിയ കാര്യമാണെന്നും സച്ചിന്‍ പറഞ്ഞു.

പ്രാര്‍ഥനകള്‍ നല്ലതാണ്, പക്ഷേ ബുദ്ധിമുട്ടേറിയ ഈ സാഹചര്യത്തില്‍ നമ്മളെല്ലാവരും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ, കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കിയിരുന്നു.

ബാഹുബലി നായകന്‍ പ്രഭാസ് ഒരു കോടി നല്‍കി, മറ്റൊരു സൂപ്പര്‍ താരവും ചിരഞ്ജീവിയുടെ മകനുമായ രാം ചരണ്‍ തേജ 60 ലക്ഷം രൂപയും അദ്ദേഹത്തിന്റെ ഭാര്യ 1.20 കോടിയും നല്‍കിയുരുന്നു. പത്ത് ടണ്‍ അരിയും രാം ചരണ്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

മറ്റൊരു തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്. തമിഴ് താരം കമല്‍ ഹാസന്‍ 25 ലക്ഷവും അദ്ദേഹം ഇടപെട്ട് വിജയ് ടി.വിയെ കൊണ്ട് 25 ലക്ഷം കൊടുപ്പിക്കുകയും ചെയ്തു. തെലുങ്ക് താരം വിജയ് ദേവരകൊണ്ട നേരത്തെ 5 ലക്ഷം നല്‍കിയിരുന്നു.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി. മോഹന്‍ലാല്‍ പ്രഖ്യാപിച്ചതും 25 ലക്ഷം തന്നെ.

അക്കൗണ്ടിന്റെ വിശദാംശങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളുമടക്കം പങ്കുവെച്ചുകൊണ്ട് ദുരന്തത്തെ ഒന്നായി നേരിടണമെന്ന് മോഹന്‍ലാലും മമ്മൂട്ടിയും നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Top