ദീപികയ്ക്ക് കോമഡി പറച്ചില്‍ അത്ര തമാശയല്ല, അസംഘടിത മേഖലയുടെ ശബ്ദമാണത്..

ദീപിക മാത്രി ഇന്ന് അടുക്കളപ്പുറങ്ങളില്‍ പാത്രം കഴുകി, ഭക്ഷം പാകം ചെയ്ത്, കുട്ടികളെ പരിചരിച്ച് നാല് ചുമരുകളില്‍ കുടുങ്ങിക്കിടക്കുന്ന ഒരു പേരല്ല. തമാശകളിലൂടെ ജീവിതത്തിന് കരിനിറങ്ങള്‍ക്കപ്പുറം വര്‍ണ്ണങ്ങളുണ്ടെന്ന് തെളിയിച്ചവളാണ്. മുംബൈവാസികളോട് തമാശ പറഞ്ഞ് ദീപിക മാറ്റിമറിച്ചത് വീട്ടിജോലിക്കാരോടുള്ള കാഴ്ചപ്പാടും അവഗണനയുമാണ്.

‘അവര്‍ക്ക് ഞങ്ങളുടെ ജോലി ഇഷ്ടമാണ്, എന്നാല്‍ ഞങ്ങളെ ഇഷ്ടമല്ല. ഞങ്ങള്‍ വീടുകള്‍ വൃത്തിയാക്കുന്നത് അവര്‍ക്കിഷ്ടമാണ്, എന്നാല്‍ ഞങ്ങള്‍ക്ക് വൃത്തിയില്ലെന്ന് പറയുന്നു. ഞങ്ങള്‍ അദൃശ്യതയില്‍ ജീവിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്..’ ദീപിക വീട്ടുജോലിക്കാരുടെ ദുരവസ്ഥ വിവരിക്കുന്നത് ഇങ്ങനെയാണ്.ശബ്ദമില്ലാത്ത എത്രയോ പേരുടെ ശബ്ദമാണിത്!!!

മുതലാളിയായ സ്ത്രീ അപ്രതീക്ഷിതമായി നടത്തിയ ടാലന്റ് ഷോയാണ് ദീപികയുടെ ജീവിതം മാറ്റിമറിച്ചത്. മറ്റുള്ളവര്‍ നൃത്തം ചവിട്ടുകയും പാട്ടുപാടുകയും ചെയ്തപ്പോള്‍ പരീക്ഷണമെന്ന നിലയില്‍ തമാശകള്‍ പറഞ്ഞാണ് ദീപിക പ്രേക്ഷകരെ കയ്യിലെടുത്തത്. അവിടെ നിന്നും അവര്‍ ഹാസ്യനടിയായ അതിഥി മിതാലിന്റെ അടുത്തെത്തി. അതൊരു വിപ്ലവകരമായ മാറ്റമായിരുന്നു. മുതലാളിമാരുടെ തൊട്ടുകൂടായ്മക്കെതിരെ ആഞ്ഞടിക്കാന്‍ ഒരുപാട് പേരെ പ്രാപ്തരാക്കാന്‍ ദീപികയുടെ ജീവിതവും പ്രഭാഷണങ്ങളും കാരണമായി.

50 മില്ല്യണ്‍ അസംഘടിത വീട്ടുജോലിക്കാരാണ് ഇന്ത്യയിലുള്ളത്. നിയമപരിരക്ഷയോ സംഘടനാ ബലമോ ഇല്ലാതെ നിരന്തരം ചൂഷണത്തിനിരയാകുന്നവരാണ് ഇവരെല്ലാം. മിനിമം വേതനം ഉറപ്പാക്കിക്കൊണ്ടുള്ള നിയമം അടുത്തിടെ മാത്രം ഉണ്ടായതാണ്.

ദീപിക സന്തോഷവതിയാണ്. വലിയ പ്രതികരണമാണ് ഇവരുടെ കോമഡി വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. സമ്പന്ന യുവതികള്‍ വലിയ ഷോപ്പിംഗ് മാളുകളില്‍ ഇഷ്ടം പോലെ പണം ചെലവാക്കുകയും മറ്റ് കാര്യങ്ങള്‍ക്ക് പിശുക്കു കാണിക്കുകയും ചെയ്യുന്നതിനെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ചത് നമ്മെ ഇരുത്തി ചിന്തിപ്പിക്കും.

ദേശീയ തലത്തില്‍ ഷോകളില്‍ സജ്ജീവമാണ് ദീപിക. വീട്ടുജോലിക്കാരെ അന്തസ്സോടെ സമൂഹം കാണുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. കോമഡിയില്‍ നിന്നും ഒരു രൂപ പോലും അവര്‍ വരുമാനമുണ്ടാക്കുന്നില്ല. തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും കീഴ്ജീവനക്കാരുടെ ഉന്നമനവും മാത്രമാണ് കോമഡിയിലൂടെ ദീപികയുടെ ലക്ഷ്യം.

Top