സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനാവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളി

ഇന്‍ഡോര്‍: സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനാവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളി. കേസില്‍ അറസ്റ്റിലായ നളിന്‍ യാദവിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. ഹിന്ദു ദൈവങ്ങളെ അപമാനിച്ച് സംസാരിച്ചെന്ന പരാതിയില്‍ ആയിരുന്നു മുനാവറിനെ അറസ്റ്റ് ചെയ്തത്. അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍ കോടതി ജഡ്ജായ യതീന്ദ്ര കുമാര്‍ ഗുരുവാണ് മുനാവറിന്റെയും നളിന്റെയും ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം, ഹിന്ദുദൈവങ്ങളെ അപമാനിക്കുന്ന രീതിയില്‍ മുനാവര്‍ സംസാരിച്ചിട്ടില്ലെന്നും ഇവര്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും മുനാവറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അന്‍ഷുമന്‍ ശ്രീവാസ്തവ വാദിച്ചു. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോറില്‍ നടത്തിയ ഒരു പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ പരാതിയിലാണ് മുനാവറിനെ അറസ്റ്റ് ചെയ്തിരുന്നത്.

‘കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരിപാടി നടത്തിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു ഇവരുടെ അവതരണം,’ ഇന്‍ഡോര്‍ പൊലീസ് ഇന്‍ചാര്‍ജ് കമലേഷ് ശര്‍മ്മ പറഞ്ഞു. ഹിന്ദ് രക്ഷക് സംഘതന്‍ കണ്‍വീനര്‍ ഏകലവ്യ ഗൗര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മുനാവറിന്റെ അറസ്റ്റിനെ അപലപിച്ചുകൊണ്ട് സാമൂഹ്യസാംസ്‌കാരിക മേഖലയിലെ പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു.

Top