മോദിയുടെ ‘ഹർ ഘർ തിരംഗ’ കാംപെയിന് സ്റ്റാലിന്റെ മറുപടി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ഹർ ഘർ തിരംഗ’ സോഷ്യൽ മീഡിയ കാംപയിനിൽ പങ്കുചേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും. മോദിക്ക് കൃത്യമായ രാഷ്ട്രീയ സന്ദേശം നല്‍കുന്ന തരത്തില്‍ പിതാവും മുൻ ഡി.എം.കെ ആചാര്യനുമായ എം. കരുണാനിധി ദേശീയ പതാക ഉയർത്തിയ ചിത്രം സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ആക്കിയാണ് സ്റ്റാലിൻ കാംപയിനിന്റെ ഭാഗമായത്.

NewProfilePic എന്ന ഹാഷ്ടാഗോടെയാണ് ‘ഡിസ്‌പ്ലേ പിക്ചർ'(ഡി.പി) മാറ്റിയിരിക്കുന്നത്. ‘1974ൽ കലൈഞ്ജറാണ്(കരുണാനിധി) ആഗസ്റ്റ് 15ന് മുഖ്യമന്ത്രിമാർക്ക് ദേശീയ പതാക ഉയർത്താനുള്ള അവകാശം ഉറപ്പാക്കിയത്’ എന്ന് പുതിയ പ്രൊഫൈൽ ചിത്രത്തിന് വിശദീകരണക്കുറിപ്പും ഇട്ടിട്ടുണ്ട് സ്റ്റാലിൻ.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡി.പി ദേശീയപതാകയുടെ ചിത്രമാക്കിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിൽ എല്ലാവരും പ്രൊഫൈൽ ചിത്രങ്ങൾ ദേശീയപതാകയാക്കി കാംപയിനിൽ പങ്കുചേരാനും മോദി ജനങ്ങളോട് ആഹ്വനം ചെയ്തിരുന്നു.

Top