കേന്ദ്രം സുരക്ഷ പിന്‍വലിച്ചു;ഇനി സ്റ്റാലിനും പനീര്‍ സെല്‍വത്തിനും കാവല്‍ തമിഴ്‌നാട് പൊലീസ്

ചെന്നൈ: കേന്ദ്രം സുരക്ഷ പിന്‍വലിച്ച സാഹചര്യത്തില്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെയും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വത്തിന്റെയും സുരക്ഷാ ചുമതല തമിഴ്‌നാട് പൊലീസ് ഏറ്റെടുത്തു. ഇരുവര്‍ക്കും സുരക്ഷാ ഭീഷണിയില്ലെന്ന് വിലയിരുത്തിയാണ് അര്‍ധ സൈനിക കമാന്‍ഡോകളുടെ സുരക്ഷ കേന്ദ്രം പിന്‍വലിച്ചത്.

ഇതോടെയാണ് സ്റ്റാലിന്റെയും ഒ പനീര്‍ സെല്‍വത്തിന്റെയും സുരക്ഷാ ചുമതല തമിഴ്‌നാട് പൊലീസ് ഏറ്റെടുത്തത്. സ്റ്റാലിന് ഏര്‍പ്പെടുത്തിയിരുന്ന, സിആര്‍പിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷയും, പനീര്‍സെല്‍വത്തിന്റെ വൈ പ്ലസ് സുരക്ഷയുമാണ് കേന്ദ്രം പിന്‍വലിച്ചത്. ഇരു നേതാക്കളുടെയും സുരക്ഷാ ഭീഷണി വിലയിരുത്തിയ ശേഷമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇതോടെ സുരക്ഷ പിന്‍വലിക്കാനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു.

സുരക്ഷാ ഭീഷണിയുണ്ടെന്ന ഐ ബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2017ലാണ് പനീര്‍സെല്‍വത്തിന് വൈ പ്ലസ് സുരക്ഷ നല്‍കിയത്.

Top