ചെന്നൈ: കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പുതിയ പ്രവേശന പരീക്ഷയായ സിഇയുടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് നടപ്പിലാക്കിയതിന് സമാനമായുള്ള ഫലമായിരിക്കും സിഇയുടി പരീക്ഷ കൊണ്ടു വരുന്നതിലൂടെ ഉണ്ടാവുകയെന്ന് കത്തില്‍ എംകെ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘ കാലത്തെ വികാസം ലക്ഷ്യമിട്ട് നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം, പ്രവേശന പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകുമെന്നും കത്തിലുണ്ട്.
‘മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സ്റ്റേറ്റ് സിലബസില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവരാണ് 80 ശതമാനത്തോളം വിദ്യാര്‍ത്ഥികളും. എന്നാല്‍, എന്‍സിഇആര്‍ടി സിലബസ് അടിസ്ഥാനമാക്കി നടത്തുന്ന ഇത്തരം പരീക്ഷകളിലൂടെ പ്രവേശനം അര്‍ഹിക്കുന്ന ഭൂരിഭാഗം വരുന്ന വിദ്യാര്‍ത്ഥികള്‍ പുറത്താവുന്നു. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നും ദരിദ്ര വിഭാഗങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം പ്രവേശന പരീക്ഷകള്‍’, എംകെ സ്റ്റാലിന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യങ്ങള്‍ പരിഗണിച്ച് പരീക്ഷ നടപ്പിലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാരുകളേയും സ്‌കൂള്‍ വിദ്യാഭ്യാസത്തേയും നിസ്സാരവത്കരിക്കാനുള്ള കേന്ദ്രത്തിന്റെ നടപടികളുടെ തുടര്‍ച്ചയാണ് ഇതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ 45 കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനാണ് യുജിസി സിഇയുടി പരീക്ഷ നടത്തുന്നത്. നേരത്തെ 14 കേന്ദ്ര സര്‍വകലാശാലകള്‍ക്ക് മാത്രം ബാധകമായിരുന്ന സിയുസിഇടി പരീക്ഷയാണ് ഈ വര്‍ഷം മുതല്‍ 45 കേന്ദ്ര സര്‍വലാശാലകള്‍ക്ക് കൂടി ബാധകമാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.