പെരിയാറിനെക്കുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ ഒന്ന് ചിന്തിക്കണം; രജനിയോട് സ്റ്റാലിന്‍

ചെന്നൈ: പെരിയാര്‍ വിവാദത്തില്‍ നടന്‍ രജനീകാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍. പെരിയാറിനെക്കുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ ഒന്ന് ചിന്തിക്കണം. എന്നിട്ട് വേണം വിമര്‍ശനമെന്നാണ് സ്റ്റാലിന് പറഞ്ഞത്.

”എന്റെ സുഹൃത്തായ രജനീകാന്ത് രാഷ്ട്രീയക്കാരനല്ല, നടന്‍ മാത്രമാണ്. പെരിയാറിനെക്കുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ ഒന്ന് ചിന്തിക്കണം. എന്നിട്ട് വേണം വിമര്‍ശനം. ഇതെന്റെ അപേക്ഷയാണ്”, സ്റ്റാലിന്‍ പറഞ്ഞു.

ചെന്നൈയില്‍ ജനുവരി 14-ന് നടന്ന ഈ ചടങ്ങിലാണ് രജനീകാന്ത് ചോ രാമസ്വാമിയെ പുകഴ്ത്തുന്നതിനൊപ്പം, പെരിയാറിനെതിരെ വിമര്‍ശനമുന്നയിച്ചത്. അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി, ശ്രീരാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങളുമായി 1971 ല്‍ പെരിയാര്‍ റാലി നടത്തി എന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന.

അന്നത്തെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവനയെന്നും, പ്രതികരണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു.

അതേസമയം പെരിയാര്‍ വിവാദത്തില്‍ രജനികാന്തിനെതിരെ തമിഴ്നാട്ടിലെ വിവധ ഇടങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. മധുരയില്‍ ഡിവികെ പ്രവര്‍ത്തകര്‍ രജനീകാന്തിന്റെ കോലം കത്തിച്ചു. രജനികാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വിവിധ തമിഴ് സംഘടനകള്‍ ചെന്നൈയില്‍ പ്രതിഷേധ റാലി നടത്തി.

അതിനിടെ രജനീകാന്തിനെ പിന്തുണച്ച് ബിജെപി രംഗത്ത് വന്നു. രജനീകാന്തിനെ വിമര്‍ശിക്കുന്ന ദ്രാവിഡ പാര്‍ട്ടികള്‍, ഹിന്ദു മുന്നണി നേതാക്കളെ അപമാനിച്ചതില്‍ മാപ്പു പറയുകയാണ് വേണ്ടതെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പറഞ്ഞു.

താരത്തിന്റെ രാഷ്ട്രീയ പ്രവേശനചര്‍ച്ചകള്‍ തമിഴ്‌നാട്ടിലടക്കം ചൂടേറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധം എന്നത് ശ്രദ്ധേയമാണ്.

Top