ലെനിനെക്കുറിച്ചും സ്റ്റാലിനെക്കുറിച്ചും മാത്രമല്ല പഠിക്കേണ്ടത്; പാഠപുസ്തകങ്ങള്‍ മാറ്റുമെന്ന് തൃപുര മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ലെനിനെ കുറിച്ചും സ്റ്റാലിന കുറിച്ചും പഠിപ്പിക്കുന്നതാണ് സംസ്ഥാനത്തെ പാഠപുസ്തകങ്ങളെന്നും ഇവ എല്ലാം മാറ്റി പുതിയത് കൊണ്ടു വരുമെന്നും തൃപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് പറഞ്ഞു. ഇന്ത്യന്‍ നേതാക്കളെ സംബന്ധിച്ച് ഒന്നും നമ്മുടെ പാഠ പുസ്തകങ്ങളില്‍ ഇല്ല. പുതിയ സിലബസ് സ്‌കൂളുകളില്‍ പരിചയപ്പെടുത്തേണ്ടതുണ്ട്. മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലകന്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, മുന്‍പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍ കലാം തുടങ്ങിയവരെക്കുറിച്ച് പ്രതിപാദിക്കുന്നതായിരിക്കണം കുട്ടികള്‍ക്ക് നല്‍കേണ്ട പുസ്തകങ്ങള്‍ എന്ന് ബിപ്ലവ് പറഞ്ഞു.

മുന്‍ യു.എസ്.എസ്.ആര്‍ പ്രസിഡന്റ് ജോസഫ് സ്റ്റാലിനെ കുറിച്ചും ലെനിനോ കുറിച്ചോ ആയിരിക്കരുത് കുട്ടികളെ പഠിപ്പിക്കേണ്ടത്. രാഷ്ട്രീയപാര്‍ട്ടികളാണ് സ്‌കൂളുകളിലേയും കോളേജുകളിലെയും സിലബസുകള്‍ തീരുമാനിക്കുന്നത്. പാഠപുസ്തകങ്ങില്‍ ഇന്ത്യയുടെ ചരിത്രം തന്നെ കാണാനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റഷ്യന്‍ റെവല്യൂഷനെക്കുറിച്ചാണ് പാഠങ്ങളില്‍ പ്രധാനമായും പറഞ്ഞുവച്ചിരിക്കുന്നത്. നമ്മുടെ വിദ്യാര്‍ത്ഥികള്‍ എന്തിനാണ് ഇതെല്ലാം പഠിക്കുന്നത്? ഇന്ത്യയുടെ ചരിത്രത്തെ കുറിച്ചും ഇവിടുത്തെ നേതാക്കളെ കുറിച്ചുമായിരിക്കണം അവര്‍ പഠിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ എന്‍.സി.ആര്‍.ടി സിലബസ് കൊണ്ടുവരുമെന്നും അതിനായുള്ള ജോലികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞെന്നും ബിപ്ലവ് ദേവ് വ്യക്തമാക്കി.

Top