ചെന്നൈ: തമിഴ്നാട്ടിൽ നിര്‍ണായക നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാർ. എഐഎഡിഎംകെ നേതാക്കള്‍ക്കെതിരായ അഴിമതിക്കേസുകളില്‍ നടപടികൾ വേഗത്തിലാക്കാന്‍ നീക്കം. അതിനിടെ, ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയോട് ക്രൂരമായി പെരുമാറിയെന്ന ഭാര്യയുടെ പരാതിയിൽ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇഡിക്ക് നോട്ടീസയച്ചു. ബാലാജിയുടെ ഹൃദയശസ്ത്രക്രിയ ഇന്ന് നടക്കും.
എഐഎഡിഎംകെ നേതാക്കള്‍ക്കെതിരായ അഴിമതി കേസുകൾ ആയുധമാക്കി തിരിച്ചടിക്കാൻ ഒരുങ്ങുകയാണ് സ്റ്റാലിൻ സര്‍ക്കാർ. സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിയുടെ സഖ്യ കക്ഷിയായ എഐഎഡിഎംകെയിലെ നേതാക്കളെ പൂട്ടാനുറച്ചാണ് നീക്കം. സി വിജയഭാസ്കര്‍, പി തങ്കമണി, എസ് പി വേലുമണി തുടങ്ങി അര ഡസൻ മുന്‍ മന്ത്രിമാര്‍ക്കെതിരായ കേസുകളില്‍ ജൂലൈ ആദ്യ വാരത്തിനുള്ളിൽ കുറ്റപത്രം നൽകാനാണ് വിജിലൻസ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, ഇഡി അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജിയുടെ രാജി ആവശ്യപ്പെട്ട് നാളെ എഐഎഡിഎംകെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. ബാലാജിയുടെ നെഞ്ചുവേദനയും ആശുപത്രിവാസവും അഭിനയമെന്ന് ഇഡി സുപ്രീംകോടതിയിൽ പറഞ്ഞതിന് പിറ്റേന്ന് ബൈപ്പാസ് ശസ്തക്രിയക്കുള്ള തീയതി കുറിച്ച് ആരോഗ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തി. നാളെ രാവിലെ ശസ്തക്രിയ നടത്താൻ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെന്നുമാണ് സുബ്രഹ്മണ്യന്റെ അറിയിപ്പ്.
ഇഡിയുടെ അപേക്ഷ നാളെ അവധിക്കാല ബഞ്ച് പരിഗണിക്കുമ്പോൾ തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് സെന്തിൽ ബാലാജിയുട ഭാര്യ മേഖല സുപ്രീംകോടതിയിൽ തടസ ഹര്‍ജിയും നൽകി. ഇഡി സമൻസ് കിട്ടിയെങ്കിലും, ബാലാജിയുടെ സഹോദരന്‍ അശോക് കുമാര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല.