സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ; നാലുപേര്‍ അറസ്റ്റില്‍

exam

ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ സിജിഎല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി വടക്കന്‍ ഡല്‍ഹിയിലെ തിമാര്‍പുരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍നിന്ന് 50 ലക്ഷം രൂപയും ലാപ്‌ടോപ്പും 10 മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

ടാക്‌സ് ഇന്‍സ്‌പെക്ടര്‍, ക്ലെറിക്കല്‍ സ്റ്റാഫ്, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ഐടി വിദഗ്ധരായ 150 പേരെ ഉപയോഗിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ സൈറ്റ് ഹാക്ക് ചെയ്താണ് പ്രതികള്‍ ചോദ്യപേപ്പറും ഉത്തരങ്ങളും ചോര്‍ത്തിയത്. പിന്നീട് ഓരോ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും 10 മുതല്‍ 15 ലക്ഷം വരെ രൂപ ഇടാക്കി ഈ ചോദ്യപേപ്പറുകള്‍ വിറ്റു.

കഴിഞ്ഞ ഫെബ്രുവരി 17 മുതല്‍ 22 വരെയായിരുന്നു പരീക്ഷ നടന്നത്. സമൂഹമാധ്യമമായ വാട്‌സ്ആപ്പ് വഴി പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും പ്രചരിച്ചതോടെയാണ് ചോര്‍ച്ച സംശയിച്ചത്. ഇതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഡല്‍ഹി, ഉത്തര്‍പ്രദേശ് പൊലീസ് സംയുക്തമായാണ് പ്രതികള്‍ക്കുവേണ്ടി വലവിരിച്ചത്.

Top