SSLV വിക്ഷേപണം: ഉപഗ്രഹങ്ങളില്‍നിന്ന് സിഗ്നല്‍ ലഭിക്കുന്നില്ല

ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് ഐ.എസ്.ആര്‍.ഒ. രൂപകല്പന ചെയ്ത സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (SSLV) ആദ്യ വിക്ഷേപണത്തിന് ശേഷം ആശങ്ക. ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കപ്പെട്ട എസ്എസ്എല്‍വിയുടെ ആദ്യഘട്ടങ്ങള്‍ വിജയകരമായെങ്കിലും അവസാന ഘട്ടത്തില്‍ ബന്ധം നഷ്ടമായി. ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്നല്‍ ലഭിക്കുന്നില്ലെന്നാണ് വിവരം. ഇക്കാര്യം പരിശോധിച്ച് വരുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

വിക്ഷേപണത്തിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളും കൃത്യമായി നടന്നിരുന്നു. വെലോസിറ്റി ട്രിമ്മിങ് മെഡ്യൂള്‍ പ്രവര്‍ത്തിച്ചോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ഉപഗ്രഹവുമായി ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടരുകയാണ്.

‘എസ്എസ്എല്‍വിയുടെ ആദ്യ യാത്ര പൂര്‍ത്തിയായി. എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ നടന്നു. അവസാന ഘട്ടത്തില്‍ ബന്ധം നഷ്ടമായി. ഇക്കാര്യം പരിശോധിച്ചുവരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കും’, ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു

Top