എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ തുടങ്ങുന്നു; അധ്യാപകരുടെ വാഹനം തടയരുത്

തിരുവനന്തപുരം: എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകള്‍ ചെവ്വാഴ്ച്ച ആരംഭിക്കാനിരിക്കേ അധ്യാപകരുടേയും സ്‌കൂള്‍ ജീവനക്കാരുടേയും സഞ്ചാരം തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

സ്‌കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍മാര്‍, പ്രഥമ അധ്യാപകര്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ യാത്ര ഒരിടത്തും തടസപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്ക് രാത്രികാലങ്ങളില്‍ ജില്ലവിട്ട് യാത്ര ചെയ്യേണ്ടി വരുന്നപക്ഷം തിരിച്ചറിയില്‍ കാര്‍ഡും പരീക്ഷ സംബന്ധിക്കുന്ന രേഖകളും യാത്രാപാസായി പരിഗണിക്കും.

സാധിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ യാത്രയ്ക്ക് ആവശ്യമായ സഹായം പോലീസ് നല്‍കണമെന്നും ഡിജിപി അറിയിച്ചു. രാവിലെ എഴ് മുതല്‍ രാത്രി ഏഴ് വരെ മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു.

Top