ഗസറ്റില്‍ പേരു തിരുത്തിയാല്‍ എസ്എസ്എല്‍സി ബുക്കിലും തിരുത്താമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ഗസറ്റ് നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് എസ്എസ്എല്‍സി ബുക്കിലെ പേര് തിരുത്തണമെങ്കില്‍ സ്‌കൂള്‍ മുഖാന്തിരം സംസ്ഥാന പരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

അത് സംസ്ഥാന പരീക്ഷാ കമ്മീഷണര്‍ തിരുത്തി നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹന്‍ദാസ് നിര്‍ദേശിച്ചു.

കേരള സര്‍ക്കാര്‍ ഗസറ്റില്‍ നിശ്ചിത തുക അടച്ച് പേര് തിരുത്തിയവര്‍ക്ക് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കേറ്റുകളില്‍ പേര് തിരുത്തി നല്‍കുന്നില്ലെന്ന പരാതിയിലാണ് ഉത്തരവ്.

പരാതിയില്‍ കമ്മീഷന്‍ പരീക്ഷാ കമ്മീഷണറില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു. എസ്എസ്എല്‍സി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളില്‍ പിഴവുണ്ടെങ്കില്‍ ആവശ്യമായ രേഖ സഹിതം നിശ്ചിത ഫീസ് അടച്ച് അപേക്ഷിച്ചാല്‍ തിരുത്തി നല്‍കുമെന്ന് വിശദീകരണത്തില്‍ പറയുന്നു.

Top