തന്റെ വണ്ടി ശ്രീരാമസേനക്കാര്‍ ആക്രമിച്ചപ്പോള്‍ പൊലീസ് നോക്കി നിന്നു: കര്‍ണ്ണാടകയിലെ വഴിയോര കച്ചവടക്കാരന്‍

ബെംഗളൂരു: കര്‍ണ്ണാടകയിലെ നഗ്ഗിക്കേരി ഹനുമന്ത ക്ഷേത്ര പരിസരത്ത് വഴിയോര കച്ചവടം ചെയ്തിരുന്നവരെ ശ്രീരാമ സേന പ്രവര്‍ത്തകര്‍ ആക്രമിക്കുമ്പോള്‍ പൊലീസ് നോക്കി നിന്നതായി വ്യാപാരിയായ നബിസാബ് കില്ലേദാള്‍. തന്റെ വണ്ടി പ്രവര്‍ത്തകര്‍ തകര്‍ത്തപ്പോള്‍ പൊലീസ് നിഷ്‌ക്രിയരായി നിന്നതായി നബിസാബ് ആരോപിച്ചു. ഇരുപത് വര്‍ഷത്തിലേറെയായി താന്‍ ക്ഷേത്രപരിസരത്ത് കച്ചവടം നടത്തുന്നതായി അദ്ദേഹം പറഞ്ഞു. ഏപ്രില്‍ പത്തിനായിരുന്നു ഇദ്ദേഹത്തിന്റെ ഉന്തുവണ്ടികള്‍ തകര്‍ത്ത് വണ്ടിയിലുണ്ടായിരുന്ന തണ്ണിമത്തനുകള്‍ വലിച്ചെറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

തുടര്‍ന്ന് നിരവധി പേര്‍ ഇദ്ദേഹത്തിനെ സാമ്പത്തികമായി സഹായിച്ചിരുന്നു. തനിക്ക് പണം നല്‍കി സഹായിച്ച എല്ലാവര്‍ക്കും നബിസാബ് നന്ദി അറിയിച്ചു. ക്ഷേത്ര പരിസരത്ത് വീണ്ടും കച്ചവടം ആരംഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

‘ നൂറുവര്‍ഷത്തോളമായി മതവ്യത്യാസമില്ലാതെ ഞങ്ങളുടെ കുടുംബങ്ങള്‍ ഇവിടെ ജീവിക്കുന്നു. നാലു തലമുറയും ഒരുമിച്ച് ജീവിച്ചവരാണ്.അക്രമികള്‍ ഗ്രാമത്തിന് പുറത്തുള്ളവരാണ്. ഞങ്ങളുടെ ഹിന്ദു സുഹൃത്തുക്കളല്ല. ആക്രമണം ഉണ്ടാകുമെന്നറിഞ്ഞിരുന്നെങ്കില്‍ ക്ഷേത്ര കമ്മിറ്റിയെ അറിയിക്കുമായിരുന്നു. അവിടെ വില്‍ക്കരുതെന്ന് പറഞ്ഞിരുന്നെങ്കില്‍ വില്‍പ്പന നടത്തുമായിരുന്നില്ല. അവര്‍ അറുപതോളം പേരുണ്ടായിരുന്നു.ഞാന്‍ തനിച്ചായിരുന്നു’ നബിസാബ് പറഞ്ഞു.

നഗ്ഗിക്കേരി ക്ഷേത്ര പരിസരത്ത് ആരൊക്കെ സ്റ്റാളുകള്‍ നടത്തണമെന്ന് തീരുമാനിക്കാന്‍ കമ്മിറ്റിയുണ്ട്. മുസ്ലീം വ്യാപാരികള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. ഉഡുപ്പിയിലെ മാരി ഗുഡി മേളയില്‍ നിന്ന് തുടങ്ങി ഒരുമാസത്തിലേറെയായി ഹിന്ദുത്വ സംഘടനകള്‍ മുസ്ലീം വിരുദ്ധ പ്രചാരണം നടത്തുന്നു. കര്‍ണ്ണാടക ഹിന്ദു മത സ്ഥാപനങ്ങളുടെ ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് നിയമത്തെ ഹിന്ദുത്വ സംഘടനകള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് നബിസാഹിബ് ആരോപിച്ചു. കച്ചവടം നടത്തരുതെന്ന് ഒരുമാസം മുമ്പ് നോട്ടീസ് നല്‍കിയതായും ശ്രീരാം സേന പറഞ്ഞു. ധാര്‍വാഡ് ജില്ലയിലെ ക്ഷേത്ര പരിസരത്ത് വഴിയോര കച്ചവടം ചെയ്തിരുന്ന മുസ്ലീം വ്യാപാരികള്‍ക്കുനേരെ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്.

Top