ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി…

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജില്ലാ ജയിലിലെ റിമാന്‍ഡ് പ്രതിയായി തന്നെയാണ് ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്. ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് പൊലീസ് സെല്‍ വാര്‍ഡിലേക്കാണ് മാറ്റിയത്.

ശ്രീറാമിനെ ജയിലേക്കയക്കണോ ആശുപത്രിയിലേയ്ക്ക് മാറ്റണോ എന്ന തീരുമാനമെടുക്കാന്‍ രണ്ടു മണിക്കൂറാണ് അധികൃതര്‍ എടുത്തത്. ഈ രണ്ടു മണിക്കൂറും ജയിലിനു പുറത്ത് ആംബുലന്‍സില്‍ കിടത്തിയിരിക്കുകയായിരുന്നു ശ്രീറാം.

നേരത്തെ കിംസ് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാന്‍ ശ്രീറാമിനെ വഞ്ചിയൂര്‍ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് ശ്രീറാമിനെ പൂജപ്പുര സബ് ജയിലിലേയ്ക്ക് മാറ്റാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. എന്നാല്‍ ശ്രീറാമിന് കൂടുതല്‍ ചികിത്സ വേണമെങ്കില്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാം എന്നും മജിസ്ട്രേറ്റ് പറഞ്ഞിരുന്നു. കൈക്ക് പരിക്കുള്ളതിനാല്‍ കൂടുതല്‍ ചികിത്സ ആവശ്യമുണ്ടെന്ന് ശ്രീറാം പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാന്‍ തീരുമാനമെടുത്തത്.

Top