ശ്രീറാമിന്റെ ലൈസന്‍സ് റദ്ദാക്കും; നടപടികള്‍ സ്വീകരിച്ചുവെന്ന് മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറിന്റെ അപകട മരണത്തിന് കാരണമായ വണ്ടിയോടിച്ച സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ചു. ഇക്കാര്യം കാണിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം.

വാഹന ഉടമ വഫാ ഫിറോസിന്റെ ലൈസന്‍സുംറദ്ദാക്കാനുള്ള നടപടിയും തുടങ്ങി. നേരത്തെ അമിത വേഗതയ്ക്ക് മൂന്ന് തവണ വഫയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും പിഴ അടച്ചിരുന്നില്ല. വാഹനത്തിന്റെ ഗ്ലാസ് മറച്ചതുള്‍പ്പടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും നടപടികള്‍ സ്വീകരിക്കും.

അപകടം നടക്കുന്ന സന്ദര്‍ഭത്തില്‍ ശ്രീറാമിനൊപ്പം വഫയുമുണ്ടായിരുന്നു. അപകടത്തില്‍ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീര്‍ മരിക്കുകയുമുണ്ടായി. അപകടം നടന്നയുടന്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെയാണ് അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടായത്.

Top