ശ്രീറാം വെങ്കിട്ടരാമന്‍ ട്രോമ കെയര്‍ ഐസിയുവില്‍ തുടരും…

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ട്രോമ കെയര്‍ ഐസിയുവില്‍ തുടരും. അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിന്റെ ചികിത്സ തുടരണമെന്ന് ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.

അതേ സമയം ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും. മജിസ്‌ട്രേറ്റ് അനുവദിച്ച ജാമ്യം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

രക്ത പരിശോധനാ ഫലത്തില്‍ ശ്രീറാം മദ്യപിച്ചതായി കണ്ടെത്തിയില്ലെങ്കിലും നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. പ്രതിയുടെ ജാമ്യഹര്‍ജി പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ കണ്ടെത്തല്‍ ശരിയല്ല. സെഷന്‍സ് കോടതിയില്‍ വിചാരണ നടത്തേണ്ട കേസില്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ജാമ്യം നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിക്കും.പോലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്ചമുലമാണ് ശ്രീറാമിന് ജാമ്യം ലഭിച്ചതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍.

രക്ത പരിശോധനാ ഫലത്തില്‍ ശ്രീറാം മദ്യപിച്ചിരുന്നില്ല എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാല്‍ രക്ത പരിശോധന ഒന്‍പത് മണിക്കൂര്‍ വൈകിച്ച പോലീസിന്റെ വീഴ്ച ഐ.എ.എസ് ഉദ്യോഗസ്ഥന് തുണയായി മാറുകയായിരുന്നു എന്ന ആരോപണം ശക്തമാണ്. ശ്രീറാം മദ്യപിച്ചിരുന്നു എന്നതിന് സാക്ഷികളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.

Top