ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ല; പുനരാലോചന നടത്തുമെന്ന് നിർമ്മാതാക്കൾ

നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ‌ വിലക്കേർപ്പെടുത്തിയതിനെതിരെ നടൻ മമ്മൂട്ടി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രതികരണം. നിലവിൽ അഭിനയിച്ചു വെച്ച സിനിമകളിലെ പണികൾ തീർത്തതിന് ശേഷം പുനരാലോചന നടത്തുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.

ആരുടെയും അന്നം മുട്ടിക്കുന്ന നടപടികൾക്ക് നിർമ്മാതാക്കളില്ല. നിർമ്മാതാക്കളുടെ അന്നം മുട്ടിക്കുന്ന നിലയിലേക്ക് ശ്രീനാഥ് ഭാസി എത്തി. അതുകൊണ്ട് ഇത്തരം നടപടി സ്വീകരിക്കാൻ നിർബന്ധമായതെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. അവതാരകയുടെ പരാതിയിൽ ആണ് നടപടിയെന്നും നേരത്തെയും ശ്രീനാഥിനെതിരെ ഒരുപാട് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സംഘടന അറിയിച്ചു.

ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ‌ വിലക്കേർപ്പെടുത്തിയത് തൊഴിൽ നിഷേധം ആണെന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. വിലക്കിയിട്ടില്ല എന്നാണ് താൻ അറിയുന്നത്. അങ്ങനെയല്ല എങ്കിൽ ‍ആരേയും ജോലിയിൽ നിന്ന് വിലക്കാൻ പാടില്ലല്ലോ, നമ്മളെന്തിനാ അന്നം മുട്ടിക്കുന്നത് എന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

 

Top