ശ്രീനാഥ് ഭാസി പൊലീസിനു മുന്നിൽ പൊട്ടിക്കരഞ്ഞു, അന്വേഷണം ലഹരി മാഫിയയിലേക്ക് !

കൊച്ചി: നടൻ ശ്രീനാഥ് ഭാസി പൊലീസ് സ്റ്റേഷനിൽ പൊട്ടിക്കരഞ്ഞു. അവതാരകയോട് മോശമായി പെരുമാറിയതിന് ചോദ്യം ചെയ്യലിന് ഹാജരായ ഭാസി, ചോദ്യങ്ങൾ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നീണ്ടതോടെയാണ് പൊട്ടിക്കരഞ്ഞത്. ശ്രീനാഥ് ഭാസിയെ ആശുപത്രിയിൽ കൊണ്ടുപോയ അന്വേഷണ സംഘം അദ്ദേഹത്തിന്റെ നഖവും മുടിയും വിദഗ്ദ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയിൽ താരം ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാൽ, കേസിന്റെ സ്വഭാവം തന്നെ മാറും.അതോടെ വീണ്ടും ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്ത് കർശന നടപടിയിലേക്ക് പൊലീസ് കടക്കും.

നിരവധി സിനിമാ താരങ്ങൾക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ട് എന്ന വിവരം ഇതിനകം തന്നെ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ശ്രീനാഥ് ഭാസിക്കൊപ്പം ഈ താരങ്ങളും നിരീക്ഷണത്തിലാണ്.

അവതാരകയോട് അപമര്യാദയായി പെരുമാറിയ ശ്രീനാഥ് ഭാസിയുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചാല്‍ മാത്രമേ, അദ്ദേഹം എന്തിന്റെ അടിമയാണെന്ന് കണ്ടെത്താന്‍ സാധിക്കൂവെന്ന് നിർമ്മാതാവ് സിയാദ് കോക്കർ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രക്തസാമ്പിളിൽ ഇക്കാര്യം തിരിച്ചറിയാൻ കഴിയാത്തതിനാലാണ് നഖവും മുടിയും പരിശോധനക്ക് അയച്ചിരിക്കുന്നത്.

ശ്രീനാഥ് ഭാസിക്കെതിരായ മാധ്യമ പ്രവർത്തകയുടെ പരാതി അന്വേഷിക്കുന്ന മരട് സി.ഐ സനൽകുമാർ നിലവിൽ മയക്കു മരുന്നു ലോബിയുടെ കണ്ണിലെ പ്രധാന കരടാണ്. കേരളത്തിലേക്ക് മയക്കു മരുന്ന് എത്തിക്കുന്ന സംഘത്തിൻ്റെ പ്രധാനിയെ അടുത്തയിടെ കൊച്ചി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ബംഗ്ലുരിവിൽ പോയി അറസ്റ്റ് ചെയ്തു കൊണ്ടു വന്നതും സി.ഐ സനൽകുമാറാണ്. അതു കൊണ്ട് തന്നെ വിശദമായ അന്വേഷണമാണ് ഭാസി പ്രതിയായ കേസിലും ഇപ്പോൾ നടക്കുന്നത്.

മയക്കു മരുന്ന് ഉപയോഗിക്കുന്ന യുവ സൂപ്പർ താരങ്ങൾ, സംവിധായകർ, നടിമാർ എന്നിവരുടെ ഒരു ലിസ്റ്റ് മുൻപ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിരുന്നു.എന്നാൽ റെയ്ഡ് നടത്താൻ അന്നത്തെ സംസ്ഥാന പൊലീസ് ചീഫ് അനുമതി നൽകിയിരുന്നില്ല. ഈ ലിസ്റ്റും പുതിയ സാഹചര്യത്തിൽ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Top