ജമ്മുകശ്മീരില്‍ ചുമയുടെ മരുന്ന് കഴിച്ച 11 കുട്ടികള്‍ക്ക് ദാരുണാന്ത്യം

ശ്രീനഗര്‍: ചുമയുടെ മരുന്ന് കഴിച്ച് 11 കുട്ടികള്‍ മരിച്ചു. ജമ്മുകശ്മീരില്‍ ഉദംപൂര്‍ ജില്ലയിലെ രാംനഗറിലാണ് സംഭവം. കോള്‍ഡ് ബെസ്റ്റ് പിസി എന്ന മരുന്ന് ഉപയോഗിച്ച കുട്ടികളാണ് മരിച്ചത്. ഡിസംബറിനും ജനുവരിക്കുമിടയില്‍ മരുന്ന് കഴിച്ച 17 കുട്ടികളെയാണ് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൃക്കസ്തംഭനത്തെ തുടര്‍ന്നാണ് ഇതില്‍ 11 കുട്ടികളും മരിച്ചത്. ചുമയ്ക്ക് നല്‍കിയ മരുന്നാണ് ഇതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മരുന്നിലെ ഡൈഥലിന്‍ ഗ്ലൈക്കോഡിന്റെ സാന്നിധ്യമാണ് മരണത്തിനു കാരണമായത്. ഒരു മരുന്ന് കുപ്പിയില്‍ 60 മില്ലി ലിറ്റര്‍ മരുന്നാണുള്ളത്. ഒരു തവണ 5-6 മില്ലി കഴിച്ചാല്‍ 10-12 ഡോസാകുമ്പോള്‍ രോഗി മരിക്കാന്‍ ഇടയുണ്ടെന്ന് ഹിമാചല്‍ പ്രദേശ് ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.

ഈ മരുന്നിന്റെ 3400 ലേറെ കുപ്പികള്‍ ഇതിനകം വിറ്റുപോയിട്ടുണ്ട്. ഹിമാചല്‍പ്രദേശ് ആസ്ഥാനമായ ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയാണ് മരുന്ന് വിപണയിലെത്തിച്ചത്. കമ്പനിയുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. വിറ്റ രസീതുകളുടെ അടിസ്ഥാനത്തില്‍ മരുന്ന് വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. എന്നാല്‍ മരുന്നിനെ സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുകയാണ്.

Top