ശ്രീനഗര്‍ ഭീകരാക്രമണം; ഒരു സൈനികന് കൂടി വീരമൃത്യു

ദില്ലി: ശ്രീനഗര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ജയ്‌ഷെ മുഹമ്മദ്ദെന്ന് ജമ്മു കശ്മീര്‍ പൊലീസ്. ജയ്‌ഷെ മുഹമ്മദ്ദിന്റെ ഭാഗമായ കശ്മീര്‍ ടൈഗേഴ്‌സാണ് ആക്രമണം നടത്തിയതെന്നും പൊലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചു.

ശ്രീനഗറിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ രണ്ട് പൊലീസുകാരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ വീരമൃത്യു വരിച്ചിരുന്നു. . പ്രദേശത്ത് അക്രമണം നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ശ്രീനഗര്‍ സിവാനിലെ പൊലീസ് ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്. രണ്ടു ഭീകരര്‍ പൊലീസുകാര്‍ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെ വെടിവെക്കുകയായിരുന്നു. ജമ്മു കശ്മീര്‍ പൊലീസിന്റെ ഒന്‍പതാം ബറ്റാലിയിലെ പൊലീസുകാരാണ് ബസിലുണ്ടായിരുന്നത്. പരിശീലനത്തിന് ശേഷം ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.

Top