Srinagar NIT

ശ്രീനഗര്‍: സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച ശ്രീനഗറിലെ എന്‍ഐടി ക്യാമ്പസ്‌ കാശ്മീരില്‍ നിന്നും പുറത്തേക്ക് മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം കേന്ദ്ര മാനവശേഷി മന്ത്രാലയം തള്ളി.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും മന്ത്രാലയം വ്യക്തമാക്കി. കാശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ്, വിദ്യാഭ്യാസ മന്ത്രി നയീം അക്തര്‍, കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയിലാണ് നിലപാട് വ്യക്തമാക്കിയത്.

1500 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കൊളേജില്‍ 600 ഓളം സമാന്തര സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. അതായത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സൈനികന്‍ എന്ന നിലയ്ക്കാണ് സൈനികരെ വിന്യസിച്ചിരിക്കുന്നത്. ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം സൈനികരെ ഒരു കൊളേജില്‍ വിന്യസിക്കുന്നത്.

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച വെസ്റ്റ് ഇന്‍ഡീസിന്റെ വിജയം ഒരുകൂട്ടം കശ്മീരി വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചതിനെ തുടര്‍ന്നാണ് കൊളേജില്‍ സംഘര്‍ഷം ആരംഭിച്ചത്.

പടക്കം പൊട്ടിച്ച് ആഘോഷിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തു വന്നു. വാക്കു തര്‍ക്കം സംഘര്‍ഷമായി. സംഘര്‍ഷം അതിരുവിട്ടതോടെ സിആര്‍പിഎഫ് സ്ഥലത്തെത്തി.

Top