പ്രതിരോധത്തിലായത് ക്രൈംബ്രാഞ്ച്, സി.ബി.ഐ അന്വേഷണത്തിനും സാധ്യത !

ഫോറൻസിക് ലാബ് റിപ്പോർട്ടുകളുടെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെട്ടത് കേരള പൊലീസിനെ സംബന്ധിച്ച് വൻ തിരിച്ചടിയാണ്. സംസ്ഥാന പൊലീസിൽ തന്ത്രപ്രധാനമായ സ്ഥാനങ്ങൾ അലങ്കരിച്ച മുൻ ഡി.ജി.പി ശ്രീലേഖയാണ് സംസ്ഥാന ക്രൈംബ്രാഞ്ചിനു കീഴിലെ ഫോറൻസിക് ലാബിന്റെ പ്രവർത്തനങ്ങളിലെ നിയമവിരുദ്ധ ഇടപെടലുകൾ പരസ്യമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.പല കേസുകളിലും അന്വേഷണ സംഘങ്ങൾ തന്നെ വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ട് എന്ന് ശ്രീലേഖ പറയുമ്പോൾ, അത് ഏതൊക്കെയാണ് എന്നത് സംബന്ധിച്ച് ഇനി അന്വേഷണത്തിന് സർക്കാറിന് ഉത്തരവിടേണ്ടി വരും. ക്രൈംബ്രാഞ്ചിനു കീഴിൽ ഫോറൻസിക് ലാബിനെ നിലനിർത്താൻ പറ്റാത്ത അവസ്ഥയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ ഉണ്ടായിരിക്കുന്നത് എന്നാണ് ഉന്നത പൊലീസ് കേന്ദ്രങ്ങളും വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇനി എടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്.

ഫോറൻസിക് ലാബുകളെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട ശ്രീലേഖ, പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നൽകി സ്വാധീനിക്കുന്നുണ്ട് എന്ന ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ഇവരാണ് കള്ളക്കേസുകൾ നിർമിച്ചെടുക്കുന്നതെന്നും, പ്രശസ്തരായ ചിലർ പ്രതികളാവുമ്പോൾ പൊലീസിന് എങ്ങനെ കള്ളക്കേസുകൾ ഉണ്ടാകാൻ കഴിയുന്നുവെന്ന് തന്നോട് പലരും ചോദിച്ചിട്ടുണ്ടെന്ന കാര്യവും ശ്രീലേഖ എടുത്ത് പറഞ്ഞിട്ടുണ്ട്. ഒരു സാധാരണ സിവിൽ പൊലീസ് ഓഫീസറല്ല, ഡി.ജി.പിയായി വിരമിച്ച കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസറാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത് എന്നതിനാൽ, സർക്കാറിനു മാത്രമല്ല, ജുഡീഷ്യറിക്കും ഇതിനെ ഗൗരവത്തിൽ തന്നെ എടുക്കേണ്ടി വരുമെന്നാണ് സുപ്രീം കോടതി അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നത്.

നടൻ ദിലീപ് പ്രതിയായ കേസിൽ , അദ്ദേഹത്തിന്റെ ഫോണുകൾ ഉൾപ്പെടെ പരിശോധിച്ചതും, ഇതിലെ വിവരങ്ങൾ എന്ന മട്ടിൽ മാധ്യമങ്ങൾക്ക് വാർത്തകൾ നൽകി പൊലിപ്പിച്ചതും അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ്. ഈ വാദം തന്നെയാണ് ദിലീപിന്റെ അഭിഭാഷകരും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തലോടെ ഈ ഫോറൻസിക് റിപ്പോർട്ടിനെയും സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ ദിലീപിന്റെ അഭിഭാഷകർ കൊണ്ടുവരാനാണ് സാധ്യത.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ, എഫ്.ഐ.ആർ റദ്ദാക്കപ്പെടുകയോ, സി.ബി.ഐ അന്വേഷണത്തിലേക്ക് കാര്യങ്ങൾ പോകുകയോ ചെയ്താൽ, വലിയ തിരിച്ചടിയാണ് ക്രൈംബ്രാഞ്ചിന് ഉണ്ടാകുക. രണ്ടിൽ ഏത് സംഭവിച്ചാലും ദിലീപ് നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന കാര്യം ഉറപ്പാണ്.അങ്ങനെ സംഭവിച്ചാൽ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനാണ് കളമൊരുങ്ങുക. ഫോറൻസിക് ലാബിന്റെ റിപ്പോർട്ടും പരിശോധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും. വാർത്തയുടെ സോഴ്സ് മാധ്യമങ്ങൾക്ക് വെളിപ്പെടുത്തേണ്ട ആവശ്യമില്ലങ്കിലും, ശ്രീലഖ പറഞ്ഞതു പോലെ, മാധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും തമ്മിലുള്ള ‘അവിശുദ്ധ’ ബന്ധം വ്യാജ റിപ്പോർട്ട് തയ്യാറാക്കുന്നതിന് പിന്നിൽ ഉണ്ടെന്ന് തെളിഞ്ഞാൽ, അന്വേഷണ ഉദ്യോഗസ്ഥർ മാത്രമല്ല, ക്രിമിനൽ ഗൂഢാലോചനക്ക് അത്തരം പ്രവർത്തി നടത്തിയ മാധ്യമ പ്രവർത്തകരും പ്രതികളാകുന്ന സാഹചര്യമാണ് ഉണ്ടാകുക.

ദിലീപ് കേസിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന മാധ്യമ പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും എല്ലാം ഇക്കാര്യത്തിലെ യാഥാർത്ഥ്യം പുറത്തു വരണമെന്ന അഭിപ്രായക്കാരാണ്. ദിലീപ് കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം എന്നു പറയുന്നതോടൊപ്പം തന്നെ, നിരപരാധി ആണെങ്കിൽ, കുരുക്കാൻ ശ്രമിച്ചവരും ശിക്ഷിക്കപ്പെടണമെന്നതാണ് ഇവരുടെയെല്ലാം നിലപാട്.

അതേസമയം ശ്രീലേഖയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയതായാണ് സൂചന. ഏതൊക്കെ കേസുകളിൽ ഫോറൻസിക് ലാബ് വ്യാജ റിപ്പോർട്ട് ഉണ്ടാക്കി എന്നതു സംബന്ധിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.

ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ പൂർണ്ണരൂപം ചുവടെ :-

പല കേസുകളിലും അന്വേഷണ സംഘങ്ങൾ തന്നെ വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്. ഫോറൻസിക് ലാബുകളെ സ്വതന്ത്രമാക്കിയാലേ ഇതിന് പരിഹാരമാകൂ. പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നൽകി സ്വാധീനിക്കുന്നുണ്ട്. ഇവർ കള്ളക്കേസുകൾ നിർമിച്ചെടുക്കുന്നു. പ്രശസ്തരായ ചിലർ പ്രതികളാവുമ്പോൾ പൊലീസിന് എങ്ങിനെ കള്ളക്കേസുകൾ ഉണ്ടാകാൻ കഴിയുന്നുവെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇവർ  കള്ളക്കേസുകൾ നിർമിച്ചെടുക്കുകയാണ്. ‘പ്രശ്സതരായ’ പൊലീസിന് അങ്ങിനെ കഴിയും

ഫോറൻസിക് സയൻസ് റിപ്പോർട്ട് നിഷ്പക്ഷമായിരിക്കണമെങ്കിൽ അതിനെ പ്രത്യേകം പൊലീസിന് പുറത്ത് നിർത്തുകയാണ് വേണ്ടത്. വളരെ നാളുകൾക്ക് മുൻപ് ഈ ആവശ്യം ഉന്നയിച്ച് താൻ റിപ്പോർട്ട് നൽകിയതാണ്.

പല തരത്തിലുള്ള പഠനം നടത്തി പല തരത്തിലുള്ള റിപ്പോർട്ടും കൊടുത്തിട്ടും ആരും ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ ശ്രീലേഖ വളരെ എളുപ്പമാണ് തിരിമറികൾ നടത്താനെന്ന് വീണ്ടും ആവർത്തിക്കുകയാണ് ഉണ്ടായത്.

Top