കന്നഡ ലഹരിക്കടത്ത് കേസ്; ശ്രീലങ്കയിലെ ബോംബാക്രമണ അന്വേഷണസംഘം പ്രതികളെ ചോദ്യം ചെയ്യും

കൊച്ചി: കന്നഡ ലഹരിക്കടത്തുകേസ് പ്രതികളെ ശ്രീലങ്കയിലെ ചാവേര്‍ ബോംബ് ആക്രമണം സംബന്ധിച്ച് ഇന്ത്യയില്‍ അന്വേഷണം നടത്തിയ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം ചോദ്യം ചെയ്യും.
കേസില്‍ അറസ്റ്റിലായ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ തുടര്‍ച്ചയായ ശ്രീലങ്കന്‍ യാത്രകളുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. 2019 ഏപ്രില്‍ 21നാണ് കൊളംബോയിലും പരിസരത്തും ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ 8 ഇടങ്ങളില്‍ ബോംബ് സ്‌ഫോടനമുണ്ടായത്.

പ്രതികളുടെ പക്കല്‍ നിന്നു കണ്ടെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ സംശയകരമായ സന്ദേശങ്ങളും ചാറ്റുകളും കണ്ടെത്തിയിരുന്നു. ലഹരിക്കേസിലെ പ്രതികള്‍ക്കു നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി അടുത്ത ബന്ധം സംശയിക്കുന്ന സാഹചര്യത്തില്‍ ഇവരുടെ ചോദ്യം ചെയ്യല്‍ എന്‍ഐഎക്കു നിര്‍ണായകമാണ്.

മൂന്ന് വര്‍ഷം മുമ്പ് ശ്രീലങ്കന്‍ സ്‌ഫോടനത്തിലെ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്ന സഹ്രാന്‍ ഹാഷിം ബെംഗളൂരു സന്ദര്‍ശിച്ചതായി രഹസ്യ വിവരം ലഭിച്ചിരുന്നു. സഹ്രാനെ സമൂഹമാധ്യമങ്ങളില്‍ പിന്‍തുടര്‍ന്നിരുന്ന യുവാക്കളെ എന്‍ഐഎ പല തവണ ചോദ്യം ചെയ്തു. ശ്രീലങ്ക വഴി കടല്‍മാര്‍ഗം ഇന്ത്യയിലേക്കു വന്‍തോതില്‍ ലഹരിമരുന്നു കടത്തുന്നതും കേരളത്തില്‍ നിന്നു യുവാക്കള്‍ ശ്രീലങ്കയിലെ ചൂതാട്ട കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതും ലഹരി പാര്‍ട്ടികളില്‍ സംബന്ധിക്കുന്നതും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top