ട്വന്റി20 പരമ്പര കൈവിട്ട പിന്നാലെ ലങ്കയ്ക്ക് അടുത്ത തിരിച്ചടി ; ഓള്‍ റൗണ്ടര്‍ മാത്യൂസ് കളിക്കാനില്ല

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ ട്വന്റി20 പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരെ കനത്ത പരാജയം നേരിട്ട ശ്രീലങ്കന്‍ ടീമിന് വീണ്ടും തിരിച്ചടി.

പിന്‍തുടഞരമ്പിന് പരിക്കേറ്റ സീനിയര്‍ ഓള്‍ റൗണ്ടര്‍ ഏയ്ഞ്ചലോ മാത്യൂസ് അവസാന മത്സരത്തിനുണ്ടാകില്ലെന്ന് ഉറപ്പായി.

ഇതോടെ അവസാന മത്സരത്തില്‍ ആശ്വാസ ജയം കണ്ടെത്താമെന്ന ശ്രീലങ്കന്‍ സ്വപ്നം അസ്ഥാനത്തായിരിക്കുകയാണ്.

വാങ്കെഡെയില്‍ 24ന് നടക്കുന്ന അവസാന ട്വന്റി20 മത്സരത്തില്‍ തീര്‍ത്തും ദുര്‍ബല ടീമാകും ഇന്ത്യയോട് പൊരുതാനിറങ്ങുക.

ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ് ട്വന്റി20 പരമ്പര നഷ്ടപ്പെട്ട ലങ്കന്‍ ടീം അടുത്ത മത്സരത്തില്‍ ആശ്വാസ ജയം കണ്ടെത്താം എന്ന് കരുതിയിരിക്കുമ്പോളാണ് ഏയ്ഞ്ചലോ മാത്യൂസിന് അവസാന മത്സരം നഷ്ടമാകുമെന്ന വിവരം പുറത്തുവരുന്നത്.

രണ്ടാഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ ഓള്‍ റൗണ്ടര്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

ഇന്‍ഡോറില്‍ ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ 12-ാം ഓവറിനിടെയ്ക്ക് പരിക്ക് കലശലായതിനെത്തുടര്‍ന്ന് മാത്യൂസ് ഡ്രെസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.

ടീം 88 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയ മത്സരത്തില്‍ ബാറ്റ് ചെയ്യാനും താരം എത്തിയിരുന്നില്ല.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ ശ്രീലങ്കയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായിരുന്നു മുപ്പതുകാരനായ മാത്യൂസ്.

ഡല്‍ഹിയില്‍ നടന്ന അവസാന ടെസ്റ്റില്‍ സെഞ്ച്വറി നേടിയ താരം മൊഹാലില്‍ നടന്ന രണ്ടാം ഏകദിനത്തിലും ശതകം നേടിയിരുന്നു.

ഈ വര്‍ഷമാദ്യം നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും പരിക്കിനെത്തുടര്‍ന്ന് മാത്യൂസിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.

ആറു മാസത്തെ വിശ്രമമായിരുന്നു അന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നിര്‍ദേശിച്ചത്.

Top