ശ്രീലങ്കയിൽ ചൈനയുടെ അജണ്ട ‘പാളി’ ഇന്ത്യയ്ക്കു അനുകൂലമായി ജനവികാരം !

കൊളംബോ: ശ്രീലങ്കയിലെ സംഭവ വികാസങ്ങൾ ആത്യന്തികമായി ഗുണം ചെയ്യുക ഇന്ത്യക്കെന്ന് റിപ്പോർട്ട്. ചൈനയുമായി ചേർന്ന് നിലവിലെ ഭരണകൂടം നടത്തിയ പരിഷ്ക്കാരവും ധൂർത്തും അഴിമതിയും എല്ലാമാണ് ഇപ്പോൾ രാജ്യം തന്നെ സാമ്പത്തികമായി തകർന്നു തരിപ്പണമാകുന്ന അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് ശ്രീലങ്കയിലെ വലിയ വിഭാഗം ജനങ്ങളും വിശ്വസിക്കുന്നത്.

ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യും സ്ഥിതിഗതികള്‍ ഗൗരവമായി വിലയിരുത്തുന്നുണ്ട്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തേക്കാള്‍ ശ്രീലങ്കയില്‍ ശക്തമായ നെറ്റ് വര്‍ക്കുള്ളതും റോക്കു തന്നെയാണ്. ലങ്കന്‍ ജനതയുടെ രോഷത്തിന് വഴിമരുന്നിട്ടതില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന സംശയം ചൈനക്ക് ഇപ്പാഴും ഉണ്ട്. ശ്രീലങ്കയില്‍ സ്വാധീനം ഉറപ്പിച്ച് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താമെന്ന ചൈനയുടെ കണക്കുകൂട്ടലുകള്‍ കൂടിയാണ്, പുതിയ സാഹചര്യത്തില്‍ പൊളിയുന്നത്. ഇന്ത്യയുമായി ഏറ്റവും ശക്തമായ ബന്ധം നിലനിന്നിരുന്ന കാലത്ത് ശ്രീലങ്കക്ക് ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിരുന്നില്ല. എല്‍.ടി.ടി.ഇ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍, വലിയ എതിര്‍പ്പുയര്‍ന്നിട്ടു പോലും ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കാന്‍ പോലും ഇന്ത്യ മുന്‍പ് തയ്യാറായിരുന്നു. സാമ്പത്തികമായും സൈനികമായും ശ്രീലങ്കയെ ഇന്ത്യ സഹായിച്ചതു പോലെ മറ്റൊരു രാജ്യവും സഹായിച്ചിട്ടില്ല. ചൈന സഹായിച്ചത് അവരുടെ ‘ഹിഡന്‍ അജണ്ട’ മുന്‍ നിര്‍ത്തി മാത്രമാണ്. ആ കണക്കു കൂട്ടലുകള്‍ കൂടിയാണിപ്പോള്‍ ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ തകര്‍ന്നിരിക്കുന്നത്.

ഇന്ത്യയോട് അകലം പാലിച്ചും ചൈനയുമായി കൂടുതൽ അടുത്തും ശ്രീലങ്കൻ ഭരണകൂടം മുന്നോട്ട് പേയതിൽ ശ്രീലങ്കൻ സൈന്യത്തിലും കടുത്ത അതൃപ്തിയുണ്ട്. ഇന്ത്യയാണ് ശ്രീലങ്കക്ക് വിശ്വസിക്കാവുന്ന അയൽ രാജ്യമെന്ന വിലയിരുത്തലിലാണ് ഉന്നത ഉദ്യോഗസ്ഥരുമുള്ളത്.

അതേസമയം, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കടുത്ത ജനകീയ പ്രതിഷേധങ്ങൾ അരങ്ങേറുന്ന ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയയ്ക്കുമെന്ന റിപ്പോർട്ടുകൾ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ തള്ളിയിട്ടുണ്ട്. ഈ നിലപാടിനു പിന്നിലും വ്യക്തമായ ലക്ഷ്യമുണ്ട്. ശ്രീലങ്കൻ ജനതയുടെ താൽപ്പര്യത്തിനു ഒപ്പം നിൽക്കുക എന്ന നിലപാടാണ് ഇന്ത്യ നിലവിൽ സ്വീകരിച്ചിരിക്കുന്നത്.

ശ്രീലങ്കയിലെ ജനാധിപത്യ സംവിധാനത്തിനും സുസ്ഥിരതയ്ക്കും സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിനും ഇന്ത്യ സമ്പൂർണ പിന്തുണ നൽകുമെന്നും ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു തൊട്ടു
പിന്നാലെയാണ് സൈന്യത്തെ അയയ്ക്കില്ലെന്ന വിശദീകരണവും ഉണ്ടായിരിക്കുന്നത്.

‘‘ഇന്ത്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയയ്ക്കുന്നു എന്ന തരത്തിൽ ഒരു വിഭാഗം മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, ഇത്തരം പ്രചാരണങ്ങളും കാഴ്ചപ്പാടുകളും ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരിന്റെ നിലപാടുമായി യോജിക്കുന്നതല്ലന്നുമാണ് ” ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ട്വിറ്ററിലൂടെ വിശദീകരിച്ചിരിക്കുന്നത്.

ശ്രീലങ്കയിലെ ജനാധിപത്യ സംവിധാനത്തിനും സുസ്ഥിരതയ്ക്കും സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിനും ഇന്ത്യയുടെ സമ്പൂർണ പിന്തുണയുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ വകുപ്പും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്’

ജനകീയ പ്രതിഷേധങ്ങൾക്കിടെ രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെ അടക്കമുള്ള നേതാക്കൾ ഇന്ത്യയിലേക്കു കടന്നതായുള്ള പ്രചാരണങ്ങളും ഇന്ത്യൻ ഹൈക്കമ്മിഷൻ ശക്തമായി നിഷേധിച്ചിട്ടുണ്ട്. ഇന്ത്യ ശ്രീലങ്കയിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ അഭയം നൽകിയിട്ടില്ലെന്നും യാതൊരു അടിസ്ഥാനമില്ലാത്ത വാർത്തകളാണു പ്രചരിക്കുന്നതെന്നുമാണ് ഇന്ത്യൻ ഹൈക്കമ്മിഷൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാജപക്സെ അനുകൂലികൾ രാജ്യം വിടുന്നില്ലെന്ന് ഉറപ്പാക്കാൻ വിമാനത്താവളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു ജനക്കൂട്ടം പരിശോധന നടത്തുന്നതിനിടെയാണ്, അവർ രാജ്യം വിട്ടതായ പ്രചാരണങ്ങൾ ശക്‌തമായിരുന്നത്.രാജപക്സെ കുടുംബത്തിന് ഇന്ത്യ അഭയം നൽകരുതെന്ന ആവശ്യവും ശക്തമാണ്.

ഇതിനിടെ,ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ സൈന്യത്തിനും പൊലീസിനും കൂടുതൽ അധികാരം നൽകിയത് സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്. മരിക്കാനും തയ്യാറായാണ് ജനങ്ങൾ തെരുവിൽ ഏറ്റുമുട്ടുന്നത്. വാറന്റ്‌ ഇല്ലാതെ ആരെയും അറസ്റ്റ്‌ ചെയ്യാം.” എന്നതാണ് പ്രസിഡൻ്റിൻ്റെ ഉത്തരവ്. കലാപകാരികളെ’ കണ്ടാലുടന്‍ വെടിവെയ്ക്കുമെന്ന് സൈന്യത്തിലെ ഒരു വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയെ അറസ്റ്റ്‌ ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ, അദ്ദേഹം ട്രിങ്കോമാലി നാവിക താവളത്തിലേക്ക് പലായനം ചെയ്തിട്ടുണ്ട്. രാജ്യത്ത് പ്രഖ്യാപിച്ച കർഫ്യൂവും നീട്ടിയിട്ടുണ്ട്.

Top