ശ്രീലങ്കയിൽ അടിയന്തരവാസ്ഥയും കർഫ്യൂവും തുടരുന്നു; സൈനിക നീക്കം പരാജയം

കൊളംബോ: ശ്രീലങ്കയിൽ പ്രക്ഷോഭകർ കയ്യേറിയ പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചുപിടിക്കാനുള്ള സൈനിക നീക്കം പരാജയപ്പെട്ടു. പ്രക്ഷോഭകർ ഇപ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസിൽ തുടരുകയാണ്. രാജ്യത്ത് അടിയന്തരവാസ്ഥയും കർഫ്യൂവും തുടരുന്നു. ഓഫീസിനുള്ളിലുള്ള പ്രക്ഷോഭകരെ നീക്കാൻ സൈന്യം രാത്രി നടപടി തുടങ്ങിയെങ്കിലും കൂടുതൽ സമരക്കാർ എത്തിയോടെ പിൻമാറി. പ്രക്ഷോഭം കൂടുതൽ സർക്കാർ ഓഫീസുകളിലേക്ക് വ്യാപിക്കുമെന്നാണ് സൂചന.

രാജ്യംവിട്ട പ്രസിഡന്റ് ഗോട്ടബയ രാജപക്സെ മാലദ്വീപിൽനിന്ന് സിംഗപ്പൂരിലേക്ക് പറന്നു. മലദ്വീപ് പ്രതിപക്ഷ കക്ഷികൾ സമരവുമായി രംഗത്തിറങ്ങിയതാണ് കാരണം. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 13 അംഗ സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസ് കയ്യേറിയ സമരക്കാർക്കുനേരെ സുരക്ഷാസേന നടത്തിയ കണ്ണീർവാതക പ്രയോഗത്തിൽ പരുക്കേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു.

രാജി വയ്ക്കാതെ പ്രസിഡൻറ് ഗോതബായ രജപക്സെ രാജ്യം വിട്ടതോടെ ലങ്കയിൽ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ രാഷ്ട്രീയ പ്രതിസന്ധിയും കനത്തു. മാലദ്വീപിലേക്കുള്ള പ്രസിഡൻറിൻറെ ഒളിച്ചോട്ടത്തിന് പിന്നാലെ പ്രതിഷേധക്കാർ സമരത്തിൻറെ വീര്യം കൂട്ടി. ആയിരക്കണക്കിന് ആളുകൾ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫീസ് ആക്രമിക്കുകയും വസതി കയ്യടക്കുകയും ചെയ്തു.

Top