പാല്‍പ്പൊടിക്ക് 2000രൂപ പാല്‍ച്ചായയ്ക്ക് 100രൂപ, കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ശ്രീലങ്ക

കൊളംബോ: പാല്‍പ്പൊടി വില കിലോയ്ക്ക് 1945 രൂപ, ചിലയിടത്ത് ഒരു 2000 രൂപ… ഇന്ത്യയുടെ തൊട്ട് അയല്‍രാജ്യമായ ശ്രീലങ്കയിലെ കാര്യമാണ് പറഞ്ഞു വരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനാല്‍ രാജ്യത്ത് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. നിലനില്‍പ്പിനായി രാജ്യത്തെ ഭക്ഷണശാലകള്‍ എല്ലാം വില വര്‍ധിപ്പിച്ചു. ഇവിടെ ഒരു പാല്‍ച്ചായക്ക് ഇപ്പോള്‍ വില 100 രൂപയാണ്.

പഞ്ചസാരയുടെയും പാല്‍പ്പൊടിയുടെയും എന്തിന് ധാന്യങ്ങളുടെ പോലും വിലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ ഉല്‍പ്പന്നങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യണം എന്നതിനാല്‍ ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയില്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം തീപിടിച്ച വിലയാണ്. രാജ്യത്ത് പാല്‍പ്പൊടിയുടെ വില അവസാനമായി ഉയര്‍ത്തിയത് 2021 ഡിസംബറിലാണ്. അന്ന് 400 ഗ്രാം പാക്കറ്റ് വില 60 രൂപയും ഒരു കിലോ പാക്കറ്റ് വില 150 രൂപയുമാണ് ഉയര്‍ത്തിയത്. അതിനുശേഷം ഇപ്പോള്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതോടെ വില കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് ഇറക്കുമതിക്കാര്‍.

വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ വലയ്ക്കുന്നത്. ഭക്ഷ്യോല്‍പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി ഒന്നിനും പണം ഇല്ലാത്ത അവസ്ഥയാണ്. ഐഎംഎഫില്‍ നിന്ന് പണം കടം വാങ്ങാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഭരണകൂടം. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ബായ രാജപക്‌സയുടെ ആവശ്യം പരിഗണിക്കുകയാണ് എന്ന് ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീലങ്കയ്ക്ക് 9.6 ബില്യണ്‍ ഡോളര്‍ വായ്പ തിരിച്ചടവ് ഈ വര്‍ഷം നടത്താനുണ്ട്. എന്നാല്‍ 2.3 ബില്യണ്‍ ഡോളറിന്റെ വിദേശനാണ്യശേഖരം മാത്രമാണ് രാജ്യത്തിന്റെ പക്കലുള്ളത്. തങ്ങള്‍ നല്‍കാനുള്ള പണം തിരിച്ചു തരാന്‍ ചൈനയോട് ശ്രീലങ്ക സമയം നീട്ടി ചോദിച്ചിരുന്നെങ്കിലും ബീജിങ്ങില്‍ നിന്ന് ഒരു പ്രതികരണവും വന്നിട്ടില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക മുന്നോട്ട് നീങ്ങുന്നത്. 1948 സ്വാതന്ത്ര്യം ലഭിച്ച ശേഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. കടലാസ് വാങ്ങാന്‍ പണമില്ലാത്തതുകൊണ്ട് സ്‌കൂളുകളില്‍ നടത്തേണ്ട പരീക്ഷ പോലും നടത്താന്‍ കഴിയാതെ ഇരിക്കുകയാണ് രാജ്യം. കടലാസിന് വാങ്ങിക്കാന്‍ പണമില്ലാത്തതിനാല്‍ നാളെ മുതല്‍ ആരംഭിക്കാനിരുന്ന സ്‌കൂള്‍ പരീക്ഷകളാണ് മാറ്റി വെച്ചിരിക്കുന്നത്. രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനാല്‍ കടലാസ് ഇറക്കുമതി ചെയ്യാന്‍ പോലും സാധിക്കുന്നില്ല.

സ്‌കൂള്‍ അധികൃതര്‍ സ്വന്തംനിലയ്ക്ക് പരീക്ഷ നടത്തരുതെന്നും നിര്‍ദേശമുണ്ട്. ഇത് രാജ്യത്തെ 45 ലക്ഷം വരുന്ന വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കും. വിദ്യാര്‍ത്ഥികളുടെ നിരന്തര മൂല്യനിര്‍ണയം തടസ്സപ്പെട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഉയര്‍ന്ന ക്ലാസ്സുകളിലേക്കുള്ള സ്ഥാനക്കയറ്റവും ആശങ്കയിലാണ്. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ വലയ്ക്കുന്നത്. ഭക്ഷ്യോല്‍പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി ഒന്നിനും പണം ഇല്ലാത്ത അവസ്ഥയാണ്.

Top