മൂന്നാം ടി20; ശ്രീലങ്ക ബാറ്റ് ചെയ്യും, ഇന്ത്യന്‍ ടീമില്‍ നാല് മാറ്റങ്ങള്‍

ഇന്ത്യക്കെതിരായ മൂന്നാം ടി-20യില്‍ ശ്രീലങ്ക ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായി ഇന്ത്യ ഇറങ്ങുമ്പോള്‍ ശ്രീലങ്കന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഇന്ത്യക്കായി സഞ്ജുവോ വെങ്കടേഷ് അയ്യരോ രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്‌തേക്കും. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

കിഷന്‍ പരുക്കേറ്റ് പുറത്തായപ്പോള്‍ ബുംറ, ഭുവി, ചഹാല്‍ എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു. പകരം ബിഷ്‌ണോയ്, കുല്‍ദീപ്, ആവേശ്, സിറാജ് എന്നിവര്‍ കളിക്കും. ശ്രീലങ്കന്‍ നിരയില്‍ പ്രവീണ്‍ ജയവിക്രമയും കാമില്‍ മിശ്രയും പുറത്തായി. ജെനിത് ലിയനഗെയും ജെഫ്രി വന്‍ഡെര്‍സേയും പകരം ടീമിലെത്തി.

രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. 184 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 17 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയം വരിച്ചു. 74 റണ്‍സെടുത്ത് ശ്രേയാസ് അയ്യര്‍ ടോപ്പ് സ്‌കോററായപ്പോള്‍ രവീന്ദ്ര ജഡേജ (45 നോട്ടൗട്ട്), സഞ്ജു സാംസണ്‍ (39) എന്നിവരും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി. ശ്രീലങ്കക്കായി ലഹിരു കുമാര രണ്ട് വിക്കറ്റ് വീഴ്ത്തി.

 

Top