ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വൈകും

sreedevi.

ദുബായ്: നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വൈകും. ശ്രീദേവിയുടേത് അപകടമരണമാണെന്നു വ്യക്തമായ സാഹചര്യത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്കും പരിശോധനകളിലേക്കും കടക്കാന്‍ സാധ്യതയുള്ളതിനാലാണ് താമസം നേരിടുന്നത്.

അതിനിടെ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് വിശദമായി ചോദ്യം ചെയ്തു.

ശ്രീദേവിയുടേത് അപകട മരണമാണെന്നു വ്യക്തമായ സാഹചര്യത്തില്‍ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ മൃതദേഹം നാട്ടിലെത്തിക്കാനാകില്ല. പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ടു കൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്കു കൊണ്ടു പോകുന്നതിനുമുള്ള രേഖകള്‍ ദുബായ് പൊലീസ് കൈമാറുകയുള്ളൂ. പബ്ലിക് പ്രോസിക്യൂഷനിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്കു ശേഷം മൃതദേഹം എംബാമിങ്ങിന് അയക്കാനാണ് ഇപ്പോഴത്തെ ശ്രമം. അങ്ങനെയെങ്കില്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി വൈകിട്ടോടെ മുംബൈയിലേക്കു കൊണ്ടുപോകാം.

എന്നാല്‍ ശ്രീദേവിയുടെ മരണം സംബന്ധിച്ചു കൂടുതല്‍ അന്വേഷണവും പരിശോധനയും വേണമെന്നു പബ്ലിക് പ്രോസിക്യൂഷന്‍ തീരുമാനിച്ചാല്‍ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത് അനിശ്ചിതമായി നീളും.

ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും നേതൃത്വത്തില്‍ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Top