ന്യൂഡല്‍ഹി: യമുനാ നദീതീരത്ത് പരിസ്ഥിതി നാശം വരുത്തിയതിന് അഞ്ച് കോടി പ്രാഥമിക പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടിക്കെതിരെ ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ സുപ്രീംകോടതിയെ സമീപിക്കും.
ട്രൈബ്യൂണലിന്റെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് വക്താവ് അറിയിച്ചു. യമുനയെ പുനരുജ്ജീവിപ്പിക്കുക കൂടിയാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. അതിന് പിഴ അടയ്ക്കണം എന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും വക്താവ് വിശദീകരിച്ചു.
ഡല്‍ഹിയില്‍ 11 മുതല്‍ 13 വരെ നടക്കുന്ന ലോക സാംസ്‌കാരികോത്സവം നടക്കുന്നത്. ഇതിന് വേണ്ടി വേദിയൊരുക്കാനാണ് യമുനാ തീരത്ത് പരിസ്ഥിതി നാശം വരുത്തിയതെന്നാണ് ആരോപണം. ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അദ്ധ്യക്ഷനായ പ്രിന്‍സിപ്പല്‍ ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് ആര്‍ട്ട് ഓഫ് ലിവിംഗിനെ കൂടാതെ ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിക്കും ഡി.ഡി.എ) ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിക്കും (ഡി.പി.സി.സി) യഥാക്രമണം അഞ്ച് ലക്ഷവും ഒരു ലക്ഷം രൂപയും പിഴ ചുമത്തിയത്.
പരിപാടി സംഘടിപ്പിക്കാന്‍ നടത്തിയ നിമ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം പരിസ്ഥിതിക്ക് എത്രമാത്രം ദോഷം ചെയ്തിട്ടുണ്ടെന്നും പൂര്‍വ സ്ഥിതിയിലാക്കാന്‍ എത്രതുക വേണ്ടിവരുമെന്നും യമുനാ നദിതീരത്തെ പരിസ്ഥിതി മലിനീകരണം സംബന്ധിച്ച് പഠിക്കാന്‍ ട്രൈബ്യൂണല്‍ നിയോഗിച്ച വിദഗ്ദ സമിതി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിനു ശേഷമായിരിക്കും പിഴത്തുകയുടെ ബാക്കി തീരുമാനിക്കുക.