ശ്രീരാമന്‍ മാംസാഹാരിയായിരുന്നു, വിവാദ പരാമര്‍ശവുമായി എന്‍സിപി-എംഎല്‍എ

ശ്രീരാമന്‍ സസ്യാഹാരിയായിരുന്നില്ല, മറിച്ച് മാംസാഹാരിയായിരുന്നുവെന്ന് വിവാദ പരാമര്‍ശവുമായി എന്‍സിപി-ശരദ് പവാര്‍ വിഭാഗം എംഎല്‍എ ഡോ. ജിതേന്ദ്ര അവ്ഹദ്. 14 വര്‍ഷം വനത്തില്‍ കഴിഞ്ഞ ഒരാള്‍ക്ക് എങ്ങനെ സസ്യാഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ നടന്ന ക്യാമ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അവ്ഹദ് വിവാദ പരാമര്‍ശം നടത്തിയത്.

”ശ്രീരാമന്‍ ബഹുജനങ്ങളുടേതാണ്. അദ്ദേഹം മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ചിരുന്നു. ശ്രീരാമന്‍ സസ്യാഹാരിയായിരുന്നില്ല, ഒരു നോണ്‍-വെജിറ്റേറിയനായിരുന്നു. 14 വര്‍ഷം വനത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്ക് എങ്ങനെ സസ്യാഹാരം കണ്ടെത്താനാകും ചോദ്യം ശരിയോ തെറ്റോ”- എന്‍സിപി എംഎല്‍എ പറഞ്ഞു.

പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. രാമഭക്തരുടെ വികാരത്തെ അവ്ഹദ് വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ശ്രീരാമന്‍ മാംസാഹാരം കഴിച്ചുവെന്നതിന് എന്ത് തെളിവാണ് ജിതേന്ദ്ര അവ്ഹദിനുള്ളതെന്ന് ബിജെപി എംഎല്‍എ രാം കദം ചോദിച്ചു. മതവികാരം വ്രണപ്പെടുത്തിയ അവ്ഹദിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ജനുവരി 22 മാംസാഹാരം നിരോധിച്ച് ‘ഡ്രൈ ഡേ’ ആയി പ്രഖ്യാപിക്കണമെന്ന് ബിജെപി എംഎല്‍എ രാം കദം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന എന്നതും ശ്രദ്ധേയം.

Top