ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി; ഇന്ത്യയ്ക്കും നൽകുന്നത് മുന്നറിയിപ്പ് !

ലോകത്ത് എവിടെയും ഒരു അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകുമ്പോള്‍ അതിനെ അവഗണിക്കുന്നവരാണ് നമ്മളില്‍ പലരും എന്തിനേറെ ലക്ഷക്കണക്കിന് യുക്രെയിന്‍ ജനത ആ നാട്ടില്‍ നിന്നും പലായനം ചെയ്യുമ്പോഴും സംഭവിച്ചതും അതുതന്നെയാണ്. ഒടുവില്‍, അവിടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ പെട്ടു പോയപ്പോയാണ് ഗൗരവത്തോടെ യുക്രെയിന്‍ വിഷയത്തെ ഇന്ത്യന്‍ മാധ്യമങ്ങളും സമീപിച്ചിരുന്നത്. യുക്രെയിനില്‍ യുദ്ധം വഴി ഉണ്ടായ പലായനമാണ് നടക്കുന്നതെങ്കില്‍ ഇന്ത്യയുടെ കാല്‍ചുവട്ടിലുള്ള ശ്രീലങ്കയില്‍ സംഭവിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്.

ഒരു പട്ടിണി രാജ്യമായി പ്രഖ്യാപിക്കപ്പെടുന്നതിനു മുന്‍പ് കയ്യില്‍ കിട്ടുന്നതെല്ലാം എടുത്ത് അവിടുത്തെ ജനങ്ങള്‍ പലായനം ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. തമിഴ് വംശജര്‍ കൂട്ടത്തോടെയാണ് തമിഴ്‌നാട്ടിലേക്ക് എത്തി കൊണ്ടിരിക്കുന്നത് ശ്രീലങ്കയിലെ അപ്രതീക്ഷിതമായ ഈ സംഭവവികാസങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചും പുതിയ വെല്ലുവിളിയാണ്. ശ്രീലങ്കയില്‍ ഇപ്പോള്‍ സംഭവിക്കുന്നത് സൂക്ഷിച്ചില്ലങ്കില്‍ നാളെ ഇന്ത്യയിലും സംഭവിക്കാം എന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദന്‍ കൂടിയായ തോമസ് ഐസക്ക് പറയുമ്പോള്‍ ആ വാക്കുകളെ ഒരിക്കലും നിസാരമായി കാണാന്‍ കഴിയുകയില്ല. അതിനാകട്ടെ, വ്യക്തമായ കാരണങ്ങളുമുണ്ട്.

ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് സ്ഥിരമായി കമ്മിയിലാണുള്ളത്. ഇന്ത്യയുടെ വിദേശനാണയ ശേഖരം തോമസ് ഐസക്ക് പറയുന്ന പ്രകാരമാണെങ്കില്‍ ശ്രീലങ്കയുടെ 100 മടങ്ങുവരും. അതായത് 600 ബില്യണ്‍ ഡോളറിലേറെ… ഈ ശേഖരത്തിന്റെ അടിസ്ഥാനം തന്നെ ഇന്ത്യയിലേക്കുള്ള വിദേശമൂലധനത്തിന്റെ കുത്തൊഴുക്കാണ്. ഇത് വലിയ നേട്ടമായി നിയോലിബറല്‍ വക്താക്കള്‍ ഉയര്‍ത്തിപ്പിടിക്കാറുണ്ടെന്നും തോമസ് ഐസക് തുറന്നടിച്ചിട്ടുണ്ട്.

ശ്രീലങ്കന്‍ പ്രതിസന്ധി എന്നത് ഐസക്കിന്റെ കാഴ്ചപ്പാടില്‍ വിദേശനാണയ പ്രതിസന്ധിയാണ്. 1991ല്‍ ഇന്ത്യ നേരിട്ടതുപോലെ ഇറക്കുമതിക്കോ വാങ്ങിയ കടം തിരിച്ചടവിനോ ഉള്ള വിദേശനാണയ ശേഖരം ശ്രീലങ്കയുടെ കൈയില്‍ ഇല്ലാതായി എന്നര്‍ത്ഥം. 91 ല്‍ ഇന്ത്യയിലെ കൃഷിയും വ്യവസായവും ബാങ്കുകളുമൊന്നും പ്രതിസന്ധിയില്‍ ആകാതിരുന്നതിനാല്‍ സമൂലമായ ഒരു തകര്‍ച്ചയെ നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ തെറ്റായ നയങ്ങള്‍ പിന്തുടരുന്ന ശ്രീലങ്കയ്ക്ക് ഈ ആനുകൂല്യം ലഭിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ആ രാജ്യത്തിന്റെ പ്രതിസന്ധിയും ഭീകരമാണ്.

ഏതൊരു രാജ്യത്തെ സര്‍ക്കാരുകള്‍ക്കും അവരുടെ നാണയം അല്ലാതെ വിദേശനാണയം അച്ചടിക്കാനുള്ള അവകാശം മുന്‍പും ഇല്ല, ഇപ്പോഴുമില്ല. ചരക്കുകള്‍ വഴിയും വിവിധ സേവനങ്ങള്‍ വഴിയുമാണ് രാജ്യത്തിനു വിദേശനാണയം ലഭിക്കുന്നത്. ഇറക്കുമതി ചെയ്യുമ്പോള്‍ വിദേശനാണയം ചെലവാകും. 2012നും 2020നും ഇടയ്ക്ക്, ശ്രീലങ്കയുടെ വിദേശവ്യാപാരം ഓരോ വര്‍ഷവും ശരാശരി 6 ബില്യണ്‍ ഡോളര്‍ കമ്മിയായിരുന്നു എന്നതും, നാം ഓര്‍ക്കണം.

പലിശ, ലാഭവിഹിതം, റോയല്‍റ്റി തുടങ്ങിയവയ്ക്കായി ചെലവഴിക്കുന്ന പണം വിദേശനാണയ ലഭ്യതയെ ആണ് കുറയ്ക്കുക. ഈ പറഞ്ഞ ഇനത്തില്‍ ശ്രീലങ്കയ്ക്ക് 2012നും 2020നും ഇടയ്ക്ക് 2 ബില്യണ്‍ ഡോളറായിരുന്നു കമ്മിയായിരുന്നത്. വിദേശത്തുള്ള ആളുകള്‍ അയക്കുന്ന പണം വിദേശനാണയ ലഭ്യതയെ ആണ് വര്‍ദ്ധിപ്പിക്കുന്നത്. ഗള്‍ഫിലും മറ്റും പോയി ജോലി ചെയ്യുന്ന ശ്രീലങ്കക്കാര്‍ അയക്കുന്ന പണമെടുത്താല്‍, ശ്രീലങ്കയ്ക്ക് ഇതേകാലയളവില്‍ 6 ബില്യണ്‍ ഡോളറാണ് വരുമാനമായി ലഭിച്ചിരിക്കുന്നത്.

stock market

വിദേശവ്യാപാരവും മുന്‍പു സൂചിപ്പിച്ച കൈമാറ്റങ്ങളും കൂടിച്ചേരുന്ന കണക്കിനെയാണ് കറണ്ട് അക്കൗണ്ട് എന്നുവിളിക്കുന്നത്. കറണ്ട് അക്കൗണ്ട് എന്നാല്‍ ഭാവിയില്‍ വിദേശനാണയ ആസ്തികളോ ബാധ്യതകളോ സൃഷ്ടിക്കാത്ത വിദേശവിനിമയ ഇടപാടുകള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. ശ്രീലങ്കയ്ക്ക് 2012നും 2020നും ഇടയ്ക്ക്, 2.2 ബില്യണ്‍ ഡോളര്‍ കറണ്ട് അക്കൗണ്ട് കമ്മിയായിരുന്നു.
ഇത്ര ഭീമമായ വിദേശനാണയകമ്മി തുടര്‍ച്ചയായി ഉണ്ടായിട്ടും 2013 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ആ രാജ്യത്തിന് എല്ലാവര്‍ഷവും ആരംഭത്തില്‍ 7.2 ബില്യണ്‍ ഡോളര്‍ വിദേശനാണയ ശേഖരം ഉണ്ടായിരുന്നു എന്നതും ഓര്‍ക്കണം. അതുകൊണ്ട് അവരെ സംബന്ധിച്ച് വ്യാപാരകമ്മിയൊന്നും പ്രശ്‌നമായിരുന്നില്ല.

ഇത്ര വലിയ വിദേശനാണയശേഖരം ശ്രീലങ്ക ഉറപ്പാക്കിയതിനു പിന്നിലും ചില ‘കളി’കള്‍ നടന്നിട്ടുണ്ട്. ശ്രീലങ്ക ഓരോ വര്‍ഷവും 3.1 ബില്യണ്‍ ഡോളറിന്റെ ബാധ്യതകളാണ് വിദേശനാണയം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ ഏതാണ്ട് 2 ബില്യണ്‍ ഡോളറും വിദേശനിക്ഷേപമാണ്. അതിന്റെ പകുതി വളരെ ചുരുങ്ങിയ കാലത്തേക്ക് ഓഹരി കമ്പോളത്തിലേക്കും മറ്റും കളിക്കാന്‍ വന്ന പോര്‍ട്ട്‌ഫോളിയ നിക്ഷേപമാണ്. 1.1 ബില്യണ്‍ ഡോളറാണ് ശ്രിലങ്ക പ്രതിവര്‍ഷം വായ്പകളെടുത്തിരിക്കുന്നത്.

ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം വിദേശ മൂലധനം എത്തുന്നത് നിലച്ചു എന്നതു കൊണ്ടു മാത്രമല്ല വിദേശമൂലധനം പിന്‍വാങ്ങുക കൂടിയാണ് ചെയ്തിരിക്കുന്നത്. ഓഹരി കമ്പോളത്തിലെ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ പുറത്തേയ്ക്കാണ് ഒഴുകിയിരിക്കുന്നത്. ഇതോടെ വായ്പ കിട്ടാനും പറ്റാതായി. ഇതിന്റെ ഫലമായി വിദേശനാണയ ശേഖരം ഏതാനും മാസങ്ങള്‍കൊണ്ട് തന്നെയാണ് അപ്രത്യക്ഷമായിരിക്കുന്നത്. ഈ തകര്‍ച്ച നിലയില്ലാ കയത്തിലാണിപ്പോള്‍ ശ്രീലങ്കയെ മുക്കിയിരിക്കുന്നത്.

വിദേശമൂലധനം പിന്‍വാങ്ങുന്നതിനിടയായ കാരണങ്ങളും തോമസ് ഐസക്ക് കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതില്‍ ഒന്നാമത്തേത് വാറ്റ് നികുതി നിരക്ക് 15 ശതമാനത്തില്‍ നിന്നും 8 ശതമാനമായി കുറച്ചതാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. പിന്നീട് കൊവിഡുകൂടി വന്നപ്പോള്‍ ധനക്കമ്മി 15 ശതമാനത്തിലേറെയാകുകയും ചെയ്തു. ധനക്കമ്മി വര്‍ദ്ധിച്ചതും ജൈവകൃഷി നയത്തിന്റെ ഫലമായി കാര്‍ഷികോല്‍പ്പാദനം ഇടിഞ്ഞതും ആഗോള എണ്ണവില കൂടിയതുംമൂലം വിലക്കയറ്റം കുത്തനെ ഉയര്‍ന്നതും എല്ലാം ശ്രീലങ്കക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. 2022 മാര്‍ച്ച് 1ാം തീയതി ഉപഭോക്തൃ വില സൂചിക 15 ശതമാനമാണ് കടന്നിരിക്കുന്നത്. ഈ രണ്ട് പ്രവണതകളും വിദേശമൂലധനത്തിനു ചതുര്‍ത്ഥിയാണെന്നും തോമസ് ഐസക് വ്യക്തമാക്കുന്നു. ഇതോടെയാണ് അവര്‍ കൂട്ടത്തോടെ പിന്‍വാങ്ങിയതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

അതേസമയം, ശ്രീലങ്കന്‍ പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രചരണത്തിനും ഈ സാമ്പത്തിക വിദഗ്ദന് വ്യക്തമായ മറുപടിയുണ്ട്. ശ്രീലങ്കയെ ചൂണ്ടികാട്ടി കേരളത്തിലെ വായ്പാനയത്തിന്റെ മേല്‍ കുതിര കയറുന്നതിന് അര്‍ത്ഥമില്ലന്നാണ് തോമസ് ഐസക്ക് പറയുന്നത്. ഇന്ത്യയെന്ന പരമാധികാര രാജ്യത്തിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളമെന്നും ഒരു സംസ്ഥാനത്തിനു മാത്രമായി വിദേശനാണയ പ്രതിസന്ധി ഉണ്ടാവില്ലന്നുമാണ് ഐസക്ക് തുറന്നടിച്ചിരിക്കുന്നത്.

വിദേശനാണയ സംബന്ധിയായ എല്ലാ കാര്യങ്ങളും നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയിലാണ്. കേരള സര്‍ക്കാരോ സര്‍ക്കാരിനു പങ്കുള്ള ഏതെങ്കിലും സ്ഥാപനമോ വിദേശത്തു നിന്നും ധനസഹായമോ വായ്പയോ എടുക്കുന്നുണ്ടെങ്കില്‍ അതും കേന്ദ്രസര്‍ക്കാര്‍ അല്ലെങ്കില്‍ റിസര്‍വ്വ് ബാങ്കിന്റെ തീരുമാനത്തിനു വിധേയമായിട്ടാണെന്നും അദ്ദേഹം വിമര്‍ശകരെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ”നമ്മള്‍ സ്വമേധയാ വിദേശവായ്പ വേണ്ടെന്നുവച്ചതുകൊണ്ട് രാജ്യത്തിനു മൊത്തത്തില്‍ വിദേശബാധ്യത കുറയാന്‍ പോകുന്നില്ലന്നും നമ്മള്‍ എടുക്കാത്ത വായ്പ മറ്റൊരു സംസ്ഥാനത്തിനു കൊടുക്കപ്പെടുമെന്നുമാണ് തോമസ് ഐസക്ക് പറയുന്നത്.

ഇന്ത്യയില്‍ ശ്രീലങ്ക ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനും, അദ്ദേഹത്തിന് വ്യക്തമായ മറുപടിയുണ്ട്. ശ്രീലങ്കയില്‍ നടന്നത് ഇന്ത്യാ രാജ്യത്തും നടക്കാം എന്നു തന്നെയാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് സ്ഥിരമായി കമ്മിയിലാണുള്ളത്. ഇന്ത്യയുടെ വിദേശനാണയ ശേഖരം ശ്രീലങ്കയുടെ 100 മടങ്ങുവരുമെങ്കിലും ശ്രീലങ്കയിലെപ്പോലെ ഏതെങ്കിലും കാരണവശാല്‍ നമ്മളോട് അപ്രീതിതോന്നി വിദേശമൂലധനം പിന്‍വലിയാന്‍ തീരുമാനിച്ചാല്‍, ‘കാറ്റുപോയ ബലൂണ്‍ പോലെ’ വിദേശനാണയശേഖരം അപ്രത്യക്ഷമാകാന്‍ അധികനാള്‍ വേണ്ടിവരില്ലന്നാണ് തോമസ് ഐസക്ക് നല്‍കുന്ന മുന്നറിയിപ്പ്. പ്രത്യേകിച്ച് ശ്രീലങ്കയെയും മറ്റും അപേക്ഷിച്ച് നമ്മുടെ വിദേശമൂലധന നിക്ഷേപത്തിന്റെ സിംഹപങ്കും പോര്‍ട്ട്‌ഫോളിയ നിക്ഷേപമാണെന്നതും അദ്ദേഹം ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഓരോ ഇന്ത്യാക്കാരനും മനസ്സിലാക്കി വയ്‌ക്കേണ്ട കാര്യങ്ങള്‍ തന്നെയാണിത്. അക്കാര്യത്തില്‍, ഒരു സംശയവും ഉണ്ടാവേണ്ടതില്ല.

EXPRESS KERAKA VIEW

Top