ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം കാലം തെളിയിച്ചത്: പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: തമിഴര്‍ക്ക് നീതി ഉറപ്പാക്കാനുള്ള നടപടി ശ്രീലങ്ക സ്വീകരിക്കണമെന്ന് പ്രസിഡന്റ് ഗോതബായ രാജപക്സേയോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തെ നേരിടാന്‍ ശ്രീലങ്കയെ ഇന്ത്യ സഹായിക്കുമെന്നും ഇതിനായി അഞ്ചുലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വായ്പയായി നല്‍കുമെന്നും മോദി പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സേയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

കൂടാതെ ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി 40 കോടി ഡോളറിന്റെ വായ്പ നല്‍കുമെന്നും സാളാര്‍ പവര്‍ പ്രോജക്ടിനായി 10 കോടി ഡോളറിന്റെ വായ്പ ശ്രീലങ്കയ്ക്ക് അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കായി ഇന്ത്യ ഇതുവരെ 46,000 വീടുകള്‍ നിര്‍മിച്ചു നല്‍കിയെന്നും 14,000 വീടുകള്‍ കൂടി നിര്‍മിച്ച് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഗോതബായ രാജപക്സേയെ സ്വാഗതം ചെയ്യാനായതില്‍ സന്തോഷമുണ്ട്. കാലം തെളിയിച്ച ബന്ധമാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ളതെന്നതിന്റെ തെളിവാണ് ഗോതബായയുടെ സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം ഉപകരിക്കും. 2500 വര്‍ഷം പഴക്കമുള്ള ചരിത്രത്തിലെ പുതിയ അധ്യായമാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീലങ്കന്‍ പ്രസിഡന്റായി ചുമതലയേറ്റെടുത്തിന് ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു ഗോതബായ രാജപക്സേയുടേത്.

Top