ശ്രീലങ്കന്‍ സംഘം കേരള തീരത്ത് ; കൊല്ലത്തെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം

കൊല്ലം: കേരള തീരത്ത് ശ്രീലങ്കന്‍ ബോട്ട് എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ശ്രിലങ്കന്‍ സ്വദേശികളടങ്ങുന്ന സംഘം കേരള തീരത്ത് എത്താന്‍ സാധ്യതയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തീരപ്രദേശത്ത് പരിശോധന ശക്തമാക്കി. കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കി. ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്.

ശ്രീലങ്കയില്‍ നിന്നും ബോട്ടിലെത്തുന്ന സംഘം കേരള തീരത്തെത്തി മറ്റൊരു ബോട്ട് സംഘടിപ്പിച്ച് പാകിസ്ഥാനിലേക്ക് പോകാന്‍ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. വിവരത്തെ തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് ഉള്‍പ്പടെ വിവിധ സേനകള്‍ സംസ്ഥാനത്തെ കടലിലും തീരമേഖലകളിലും വ്യാപകമായ തിരച്ചിലും അന്യേഷണവും നടത്തുകയാണ്. അന്യസംസ്ഥാന മത്സ്യബന്ധന ബോട്ടുകളടക്കം പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

കടലിനോടും തീരദേശത്തോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍ പ്രത്യേകം നിരീക്ഷിക്കും. അഴീക്കല്‍ മുതല്‍ കാപ്പില്‍ വരെ കോസ്റ്റല്‍ പൊലീസ് നിരീക്ഷണം നടത്തുകയാണ്.

തമിഴ്‌നാട് സ്വദേശികളെന്ന് തോന്നുംവിധം വേഷം മാറി 13 ശ്രീലങ്കക്കാര്‍ ബോട്ടിലെത്തി കരമാര്‍ഗമോ ജലമാര്‍ഗമോ ആലപ്പുഴയിലോ എറണാകുളത്തോ എത്തി അവിടെനിന്നും ജലമാര്‍ഗം പാകിസ്ഥാനില്‍ പോകാന്‍ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുന്‍പ് വന്നിരുന്നു.തുടര്‍ന്ന് മതിയായ ജാഗ്രത പാലിക്കാന്‍ തീരദേശ പൊലീസ് സ്‌റ്റേഷനുകളെ അറിയിച്ചിരുന്നു.

Top