ശ്രീലങ്കന്‍ താരം ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

കൊളംബോ: ശ്രീലങ്കന്‍ താരം ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. കൊളംബോയില്‍ ലങ്കന്‍ നായകന്‍ ദിമുത് കരുണയാണ് ഇക്കാര്യം അറിയിച്ചത്.ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിന് ശേഷം മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് ദിമുത് കരുണ അറിയിച്ചത്.

‘മലിംഗ ആദ്യ ഏകദിനം കളിക്കും. മത്സരത്തിന് ശേഷം വിരമിക്കുമെന്നാണ് മലിംഗ തന്നെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സെലക്ടര്‍മാരോട് എന്താണ് അദേഹം പറഞ്ഞിരിക്കുന്നത് എന്ന് തനിക്കറിയില്ല’ എന്നും കരുണരത്നെ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിവല്‍ നിന്നും വിരമിക്കുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് താരം അറിയിച്ചിരുന്നത്.

കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ജൂലൈ 26നാണ് ആദ്യ ഏകദിനം. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ 28, 31 തിയതികളില്‍ നടക്കും.

ശ്രീലങ്കന്‍ ടീമിലെ മികച്ച ബോളര്‍മാരിലൊരാളാണ് ലസിത് മലിംഗ. ദേശീയ ടീമിന് വേണ്ടി 218 ഏകദിനങ്ങളും, 72 ടി20 മത്സരങ്ങളും, 30 ടെസ്റ്റുകളും മലിംഗ കളിച്ചിട്ടുണ്ട്.

Top