ശ്രീലങ്കൻ കലാപം; സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഇന്ത്യ

ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റായതെന്ന് ഇന്ത്യ. സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, അഭയാര്‍ത്ഥി കടന്നുകയറ്റം തടയാന്‍ ലങ്കയുമായുള്ള സമുദ്രാതിര്‍ത്തികളില്‍ സുരക്ഷാ വിന്യാസവും നിരീക്ഷണവും ഇന്ത്യ കൂടുതല്‍ ശക്തമാക്കിയതായും അറിയിച്ചു.

ശ്രീലങ്കയിലെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഇന്ത്യ സൈന്യത്തെ അയക്കുന്നുവെന്ന തരത്തിൽ വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്. ചില വിദേശ മാധ്യമങ്ങളും ഈ പ്രചാരണം ഏറ്റെടുത്തിരുന്നു. രജപക്സെ ആവശ്യപ്പെട്ടാല്‍ ഇന്ത്യ നിശ്ചയമായും സൈന്യത്തെ അയക്കണമെന്ന മുന്‍ ബിജെപി എം പി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണമടക്കം ഏറ്റെടുത്തായിരുന്നു പ്രചാരണം. എന്നാൽ ഇന്ത്യ ഒരിക്കലും അത്തരമൊരു നീക്കം നടത്തില്ല. ലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ. അവരുടെ ക്ഷേമത്തിനായി മാനുഷിക പിന്തുണയും സഹായവും തുടരുമെന്നും ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ലങ്ക നേരിടുന്ന വെല്ലുവിളി തിരിച്ചറിയുന്നുണ്ടെങ്കിലും ഭരണപ്രതിസന്ധിയില്‍ ഇടപെടേണ്ടെന്ന നിലപാടില്‍ തന്നെയാണ് ഇന്ത്യ.

Top